യുഎഇ-യില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍; മലയാള മാധ്യമങ്ങള്‍ക്ക് നിരോധനം

by Sports | 17-09-2018 | 1220 views

ദുബായ്: ഏറെ പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മലയാളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്ക് നിരോധനം. പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള സ്‌പോര്‍ട്സ് ലേഖകര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രഡിറ്റേഷനു വേണ്ടി നല്‍കിയ അപേക്ഷകളൊന്നും സ്വീകരിച്ചില്ല. അബുദാബി, ദുബായ് സ്റ്റേഡിയങ്ങളിലെ മീഡിയാ റൂമുകളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലെന്നതാണ് അക്രഡിറ്റേഷന്‍ നിഷേധിക്കാന്‍ ദുബായ് സ്‌പോര്‍ട്സ് സിറ്റിയുടെ മീഡിയാ കണ്‍സള്‍ട്ടന്‍റിന്‍റെ ന്യായീകരണം. ദുബായ് സ്‌പോര്‍ട്സ് സിറ്റി അധികൃതര്‍ തന്നെയാണ് അക്രഡിറ്റേഷന്‍ സമര്‍പ്പിക്കാനുള്ള പത്രക്കുറിപ്പ് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയതും.

മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച മീഡിയ കണ്‍സള്‍ട്ടന്‍റും  സംഘവും യു.എ.ഇ-യിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വാരിക്കോരിയാണ് അക്രഡിറ്റേഷന്‍ അനുവദിച്ചിരിക്കുന്നത്. അഞ്ചുമുതല്‍ എട്ടുവരെ ആളുകള്‍ക്ക് ഇത്തരത്തില്‍ ഒരു സ്ഥാപനത്തില്‍ തന്നെ അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്.

ഏഷ്യാകപ്പിന്‍റെ മുഖ്യ പ്രായോജകരായ യൂണിമണിയുടെ അധികൃതരും ഈ വിവേചനത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു. ഏതാനും ഇവന്‍റ് കമ്പനികളാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കുന്നത്. അവരുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ മുഖ്യപ്രായോജകര്‍ ഉള്‍പ്പെടെ ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട പലരും ഇക്കാര്യത്തിലെ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിവിധ മാധ്യമ സ്ഥാപനങ്ങളിലുള്ള പ്രമുഖ ലേഖകര്‍ പലരും അക്രഡിറ്റേഷനു വേണ്ടി അപേക്ഷിച്ച് യാത്രയ്ക്കായി തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു. ദുബായിലും അബുദാബിയിലുമുള്ള മാധ്യമ പ്രവര്‍ത്തകരും ഇതിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, മലയാള മാധ്യമങ്ങളുടെ അപേക്ഷകളെല്ലാം തള്ളുകയായിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മലയാളം മാധ്യമങ്ങള്‍ക്കുള്ള അക്രഡിറ്റേഷന്‍റെ കാര്യത്തില്‍ സംഘാടകര്‍ മൗനം പാലിക്കുകയാണ്.

Lets socialize : Share via Whatsapp