ഷാര്‍ജ എമിറേറ്റില്‍ കെട്ടിട വാടക കുറഞ്ഞു...

by Sharjah | 15-09-2018 | 1486 views

ഷാര്‍ജ; ഷാര്‍ജ എമിറേറ്റില്‍ കെട്ടിട വാടക കുറഞ്ഞതായി റിപ്പോര്‍ട്ട്. താമസക്കാര്‍ എമിറേറ്റ് മാറുന്നതും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായതുമാണ് വാടക കുറയാന്‍ ഇടയാക്കിയത്. കഴിഞ്ഞ എട്ടു മാസത്തിനിടെ കെട്ടിട വാടകയില്‍ 10 മുതല്‍ 16 ശതമാനം വരെ വാടക കുറഞ്ഞതായി ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ പറഞ്ഞു. ഒരു കിടപ്പുമുറിയും ഹാളും അടങ്ങുന്ന വണ്‍ ബെഡ് റൂം, രണ്ട് കിടപ്പുമുറികളും ഹാളുമുള്ള ടു ബെഡ് റൂം ഫ്ലാറ്റുകള്‍ക്കാണ് വാടക കുറഞ്ഞത്.

ഷാര്‍ജയിലെ താമസക്കാര്‍ ദുബായ് , അജ്മാന്‍ എമിറേറ്റുകളിലേക്ക് താമസം മാറിയതാണ് വാടകയിലെ മാറ്റത്തിന് നിദാനമായത്. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ താമസക്കാരെ സ്വീകരിക്കാന്‍ സജ്ജമായതും റിയല്‍ എസറ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടാക്കി. അല്‍ ഖാന്‍, അല്‍ മജാസ്, അല്‍ നഹ്ദ, അല്‍ ഖാസിമിയ മേഖലകളില്‍ എല്ലാം വാടക കുറഞ്ഞതായി കെട്ടിട ഉടമകള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടകയിനത്തില്‍ 2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 16 ശതമാനം വരെ കുറഞ്ഞു. അല്‍ ഖാന്‍ മേഖലയില്‍ ടു ബെഡ് റൂമിന് 44,000 ദിര്‍ഹമായിരുന്നു കഴിഞ്ഞ വര്‍ഷ വാടക. ഈ വര്‍ഷം 38,000 ദിര്‍ഹമിന് ഇതേ സൗകര്യത്തോടെ ഫ്ലാറ്റ് ലഭിക്കും. അല്‍ മജാസില്‍ വാര്‍ഷിക വാടക 36,000 ദിര്‍ഹം വരെ എത്തിയിട്ടുണ്ട്. നേരത്തെ 40,000 ദിര്‍ഹം നിശ്ചയിച്ചാണ് ഇതു നല്‍കിയിരുന്നത്.

അതേസമയം, വണ്‍ ബെഡ് റൂം ഫ്ലാറ്റുകളുടെ വാടക 36,000 ദിര്‍ഹമില്‍ നിന്നും 33,000 ദിര്‍ഹമായി. അല്‍ഖാനില്‍ ഇപ്പോള്‍ മുപ്പതിനായിരം ദിര്‍ഹമിന് വണ്‍ ബെഡ് റൂം ഫ്ലാറ്റ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 35,000 ദിര്‍ഹമിനു താമസക്കാര്‍ക്ക് ഇതു കരാറടിസ്ഥാനത്തില്‍ കൈമാറിയിരുന്നത്. താമസക്കാരുടെ എമിറേറ്റ്മാറ്റവും പുതിയ കെട്ടിടങ്ങള്‍ പണി പൂര്‍ത്തിയാവുകയും ചെയ്തതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള ഫ്ലാറ്റുകള്‍ കുറഞ്ഞ വാടകയില്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ എമിറേറ്റില്‍ അവസരമേറുകയാണ്.

Lets socialize : Share via Whatsapp