സൗദിയില്‍ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചിടുന്നതായി കണ്ടെത്തല്‍

by International | 15-09-2018 | 804 views

റിയാദ്: സൗദിഅറേബ്യയില്‍ ചെറുകിട വ്യാപാര മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുമെന്ന് തൊഴില്‍- സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശിവത്കരണം പാലിക്കാതെ അടച്ചിടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതോടെ തൊഴില്‍മന്ത്രാലയം രാജ്യവ്യാപകമായി റെയ്ഡ് തുടരുകയാണ്.

തൊഴില്‍, വാണിജ്യം, നഗര വികസനം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാന നഗരങ്ങളില്‍ അടച്ചിട്ട സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് തുറക്കാത്തതെന്ന് അന്വേഷണം നടത്തും. സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതിന് ശേഷം അടച്ചിട്ട കടകളുടെ പട്ടിക തൊഴില്‍ മന്ത്രാലയം ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും സ്വദേശിവത്കരണം പാലിച്ചവയാണെന്ന് കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സത്താം അല്‍ഹര്‍ബി പറഞ്ഞു. നിരവധി യുവാക്കള്‍ ചെറുകിട വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ബിരുദധാരികളും യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും പുതുതായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp