ഖത്തര്‍ ലോകകപ്പ് നിര്‍മാണ തൊഴിലാളികള്‍ക്ക് ശീതീകരിച്ച വസ്ത്രങ്ങള്‍...

by Sports | 29-08-2018 | 1149 views

ദോഹ; ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചൂട് അകറ്റാനുള്ള പ്രത്യേക വസ്ത്രവുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി). യുകെ ആസ്ഥാനമായ ടെക്നീഷെ വികസിപ്പിച്ചതാണ് ശരീരോഷ്മാവ് 15 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയ്ക്കാനാവുന്ന ശീതീകൃത വസ്ത്രം. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ വസ്ത്രം ചൂട് കുറയ്ക്കുന്നതില്‍ വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

തൊഴിലാളികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശീതീകൃത വസ്ത്രം കൊണ്ടു കഴിയുമെന്ന് സുപ്രീം കമ്മിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹ്മൂദ് ഖുത്തുബ് പറഞ്ഞു. ശീതീകൃത ഉല്‍പന്നങ്ങളിലെ ഏറ്റവും മികച്ചതിനെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ രണ്ടുവര്‍ഷത്തോളമായി നടന്നുവരികയായിരുന്നു. പലതും ഖത്തറിന്‍റെ അന്തരീക്ഷത്തിന് യോജിച്ചതായിരുന്നില്ല.

ഇതിന്‍റെ ഗുണം പൂര്‍ണമായും തൊഴിലാളികള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ടെക്‌നീഷേ ഉല്‍പന്നങ്ങള്‍ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കി. വളരെ നല്ല ഫലമാണ് ലഭിച്ചത്. ഇത് ഖത്തറിലെ തൊഴിലാളികള്‍ക്കുവേണ്ടി മാത്രമായി രൂപകല്‍പന ചെയ്ത ഉല്‍പന്നമാണ്. തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെ സംരക്ഷിക്കാനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം 3,500 ശീതീകൃത വസ്ത്രങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഇതു ലഭ്യമാക്കുക. 'എയര്‍ കൂള്‍ സ്യൂട്ട്' വികസിപ്പിക്കാനായി സുപ്രീം കമ്മിറ്റിയും ടെക്‌നീഷേയും സഹകരിക്കുന്നുണ്ട്. ഫോര്‍മുല 1 ഡ്രൈവര്‍മാര്‍ ധരിക്കുന്ന വസ്ത്രങ്ങളിലെ സാങ്കേതിക വിദ്യയാണ് എയര്‍ കൂള്‍ സ്യൂട്ടിലും പ്രയോജനപ്പെടുത്തുക. തൊഴിലാളികള്‍ക്കു വേണ്ടി ആദ്യമായാണ് എയര്‍ കൂള്‍ സ്യൂട്ട് വികസിപ്പിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ സംരംക്ഷണത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ശീതീകൃത വസ്ത്രങ്ങള്‍ക്കാകുമെന്ന് ടെക്‌നീഷേ യു.കെ മാനേജിങ് ഡയറക്ടര്‍ ജെയിംസ് റസല്‍ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യവും മുന്‍നിര്‍ത്തി സുപ്രീം കമ്മിറ്റി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Lets socialize : Share via Whatsapp