കേരളത്തിലെ പ്രളയം...യു എ ഇ-യിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടണമെന്ന് പ്രവാസി മലയാളികള്‍

by General | 28-08-2018 | 542 views

കേരളത്തിലെ കനത്ത പ്രളയബാധയെ തുടര്‍ന്ന് യു എ ഇ-യിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി വെയ്ക്കണമെന്ന് മലയാളി സമൂഹം അഭ്യര്‍ത്ഥിച്ചു. രക്ഷിതാക്കളും അധ്യാപകരും യു എ ഇ-യിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പ്രളയബാധയെ തുടര്‍ന്ന് യു എ ഇ-യില്‍ ജീവിക്കുന്ന മലയാളികളില്‍ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഈ സാഹചര്യത്തിലാണ് യു എ ഇ-യിലെ സ്‌കൂളുള്‍ തുറക്കുന്നത് മാറ്റിവെയ്ക്കണമെന്ന അഭ്യര്‍ത്ഥന യു എ ഇ-യിലെ മലയാളി സമൂഹം അധികൃതര്‍ക്ക് മുന്നില്‍ വച്ചത്.

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഉണ്ടായ ജീവഹാനിയും മറ്റ് നഷ്ടങ്ങളും ചൂണ്ടിക്കാണിച്ചാണ് അവര്‍ അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ നിന്നും യു എ ഇ-യിലേയ്ക്കുളള പ്രധാന വിമാനമാര്‍ഗ കവാടമായിരുന്ന കൊച്ചി രാജ്യാന്തര വിമാനത്തവളം (സിയാല്‍) വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടു. അതിനാല്‍ നിരവധി പേര്‍ക്ക് തിരികെ യു എ ഇ-യിലേയ്ക്ക് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളിലേയ്ക്ക് മടങ്ങാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കൊച്ചി വിമാനത്താവളം നാളെ തുറക്കും. അപ്രതീക്ഷിതവും കടുത്തതുമായ ആഘാതമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ പ്രളയ ദുരന്തത്തിലൂടെ സംഭവിച്ചിരിക്കുന്നത്. 370-ഓളം പേരാണ് ദുരന്തത്തില്‍ മരണമടഞ്ഞത്. പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് കിടപ്പാടം പോലും നഷ്ടമായി. ഈ ദുരന്തത്തില്‍ നിന്നും കരകയറാന്‍ കുട്ടികള്‍ക്ക് കുറച്ച് സമയം അനുവദിക്കണമെന്നാണ് സ്‌കൂള്‍ തുറക്കല്‍ നീട്ടിവെയ്ക്കണമെന്ന ആവശ്യത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

സെപ്തംബര്‍ രണ്ട് ഞായറാഴ്ചയാണ് സ്‌കൂള്‍ തുറക്കാനിരുന്നത്. അധ്യാപകരായിട്ടുളളവര്‍ ഈ ആഴ്ച തന്നെ സ്‌കൂളില്‍ ഡ്യൂട്ടിക്കായി എത്തിച്ചേരേണ്ടതാണ്. സ്‌കൂള്‍ തുറക്കുന്നത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീക്കിവെയ്ക്കാന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യയിലെ യു എ ഇ അംബാസിഡറോട് അഭ്യര്‍ത്ഥിച്ചതായി ഫുജൈറായിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ (കെ എം സിസി) നേതാവ് പുത്തൂര്‍ റഹ്മാനെ ഉദ്ധരിച്ച് 'ദ് നാഷണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. യു എ ഇ-യിലെ താമസക്കാരായ പതിനായിരം കുട്ടികള്‍ ഉള്‍പ്പെടുന്ന 30,000 കുടുംബങ്ങള്‍ പ്രളയ ബാധയെ തുടര്‍ന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പകളിലാണിപ്പോളെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പുത്തൂര്‍ റഹ്മാന്‍ പറയുന്നു. ദുരിതാശ്വാസ ക്യാംപുകളിലുളള അധ്യാപകരും രക്ഷിതാക്കളും ഈ വിഷയം പറഞ്ഞ് തന്നെ വിളിക്കുന്നതായും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിഭീകരമായ ആഘാതമാണ് കേരളത്തിലെ പ്രളയം മലയാളികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഷാര്‍ജാ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആന്‍റണി ജോസഫിനെ ഉദ്ധരിച്ച് നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍ നിന്നും ഒരു വിധം തിരികെ ദുബൈയില്‍ എത്താന്‍ കഴിഞ്ഞയാളാണ് ആന്‍റണി ജോസഫ്. സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒട്ടേറെ അപേക്ഷ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp