ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം അഴുകിയ നിലയില്‍

by Sharjah | 27-08-2018 | 893 views

ദുബായ് : ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ നഹ്ദ ഏരിയയിലാണ് സംഭവം. അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ദുര്‍ഗന്ധം പുറത്തു വന്നതോടെ സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അപ്പാര്‍ട്ട്മെന്‍റ് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ അബ്‌സാര്‍ മോഹ്റ്റിഷമാണ് മരിച്ചത്. 29-കാരനായ ഇയാള്‍ ഷാര്‍ജയിലെ ഒരു അന്താരാഷ്ട്ര ഫാഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

യുവാവ് 2010 മുതല്‍ സാറയില്‍ ജോലിചെയ്തു വരികയാണ്. അബ്‌സാറിന്‍റെ സഹോദരന്‍ ഷാര്‍ജയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിവാഹിതനായ ഇയാള്‍ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ബലിപെരുന്നാള്‍ അവധിയെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരെല്ലാം നാട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മരണം സംഭവിച്ചതെന്നാണ് സംശയം. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Lets socialize : Share via Whatsapp