രഹസ്യമായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച യുവതിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു

by Sharjah | 27-08-2018 | 1230 views

ഷാര്‍ജ: വീട്ടില്‍ വെച്ച് രഹസ്യമായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 24 വയസുകാരിയായ യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആറാഴ്ച പ്രായമുള്ള ഗര്‍ഭം ഇല്ലാതാക്കാനായി 15 ഗുളികകളാണ് ഇവര്‍ കഴിച്ചത്. ഗുളികകള്‍ അമിതമായി കഴിച്ച് രക്തസ്രാവം ഉണ്ടാതോടെ യുവതിയെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് വിവരമറിഞ്ഞത്. ഭര്‍ത്താവിന്‍റെ സഹായത്തോടെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നാണ് ഇവര്‍ ഗുളിക വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ബോധപൂര്‍വ്വം ഗര്‍ഭഛിദ്രം നടത്തിയതല്ലെന്നാണ് ദമ്പതികളുടെ വാദം. അണുബാധയ്ക്ക് ചികിത്സക്കുന്നതിനായി ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയെന്നും അവര്‍ തന്നെ മരുന്ന് കഴിച്ചപ്പോള്‍ ഗര്‍ഭഛിദ്രം സംഭവിക്കുകയായിരുന്നു എന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു മരുന്ന് നിര്‍ദ്ദേശിച്ചില്ലെന്നാണ് ക്ലിനിക്കില്‍ പരിശോധന നടത്തിയപ്പോള്‍ പൊലീസിന് മനസിലായത്.

മേയ് 17-നാണ് തന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ പോയാണ് പരിശോധന നടത്തിയത്. ചെറിയ തോതില്‍ രക്തസ്രാവമുണ്ടായതിനാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ലിനിക്കില്‍ വീണ്ടും പോയി. പ്രശ്‌നമൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം ഗുരുതരമായ അണുബാധയുണ്ടായി. ഇതോടെ ഡോക്ടര്‍ ഈ ഗുളിക നിര്‍ദ്ദേശിക്കുകയായിരുന്നു. ഗുളിക കഴിച്ചതോടെ രക്തസ്രാവം വര്‍ദ്ധിക്കുകയും അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് ഇയാളുടെ വാദം. തുടരന്വേഷണത്തിനായി ദമ്പതികളെ പൊലീസ് പ്രോസിക്യൂഷന് കൈമാറി.

Lets socialize : Share via Whatsapp