
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിൽ ഒന്നാകാന്‍ ഒരുങ്ങുന്ന ക്രീക്ക് ടവറിന്റെ അന്തിമഘട്ടം പൂർത്തിയാക്കി. ബുർജ് ഖലീഫയെക്കാളും നൂറ് മീറ്ററിലധികം ഉയരമുള്ള ഈ കെട്ടിടത്തിന്റെ നിർമ്മാണം 'വേൾഡ് എക്സ്പോ 2020- ക്ക്' മുമ്പായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 550 ഹെക്ടറിൽ പരന്ന് കിടക്കുന്ന ദുബായ് ക്രീക്ക് ഹാർബർ പദ്ധതിയിലെ മുഖ്യ ആകർഷണമാണ് 928 മീറ്റർ ഉയരമുള്ള ക്രീക്ക് ടവർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ടവറിന്റെ പൈലിങ് 75 മീറ്റർ താഴ്ചയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കോൺക്രീറ്റ് തൂണുകളെക്കാൾ ഉറപ്പുള്ളതും ചതുരാകൃതിയിലുമായ വലിയ കോൺക്രീറ്റ് സ്തംഭങ്ങളിലാണ് കെട്ടിടമുയരുന്നത്. സ്തംഭം പോലെ ഉയരത്തിലേക്ക് പോകുന്ന ടവറിന്റെ മുകളിൽ നിന്ന് വലയുടെ മാതൃകയിൽ ഉരുക്കു കമ്പികൾ താഴേക്ക്
ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്പാനിഷ്-സ്വിസ് ശിൽപി സാന്റിയാഗോ കലാവട്രയുടെ രൂപകൽപ്പന പ്രകാരം നിർമ്മാണമാരംഭിച്ച ക്രീക് ടവറിൽ, 8 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയോടു കൂടിയായ ഷോപ്പിംഗ് മാളുകളും, 66,000 ചതുരശ്ര അടിയിൽ സാംസ്കാരിക കേന്ദ്രവും ഒരുക്കും. ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന
പദ്ധതിയായതിനാൽ കെട്ടിടത്തിനകത്ത് വൻ മരങ്ങളും, കൃത്രിമ വനവും തയ്യാറാക്കുന്നുണ്ട്.