ഒമാന്‍ - ഇന്ത്യ ഹ്രസ്വചിത്ര മേളയില്‍ മികച്ച നേട്ടവുമായി മലയാള വിഭാഗം

by Entertainment | 13-08-2018 | 1563 views

മസ്‌ക്കറ്റ്: ഒമാന്‍ ഇന്ത്യ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം കോഴിക്കോട് സ്വദേശി പ്രകാശ് പുറക്കാട് സ്വന്തമാക്കി. ജെറി ജേക്കബാണ് മികച്ച സംവിധായകന്‍. അഭിമന്യു അനീഷ് ചന്ദ്രന്‍ മികച്ച ബാലതാരമായും സുധിന്‍ വാസു മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. തിരക്കഥയ്ക്കുള്ള പുരസ്‌കാരം മലയാളിയായ ലിതിന്‍ രാജിനാണ്.

മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലായിരുന്നു ഹ്രസ്വചിത്ര മേള സംഘടിപ്പിച്ചത്. 'നിഗമനങ്ങള്‍' എന്ന ഹ്രസ്വ ചിത്രത്തില്‍ മൂക കഥാപാത്രത്തെ അവതരിപ്പിച്ചതാണ് പ്രകാശ് പുറക്കാടിനെ മികച്ച നടനാക്കിയത്. 'എ മാരത്തോണ്‍ ഫോര്‍ എ മീല്‍' എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യു അനീഷ് ചന്ദ്രന്‍ ആണ് മികച്ച ബാലതാരമായി തെരെഞ്ഞടുക്കപെട്ടത്.

അറബിക് , ഇംഗ്ലീഷ് , ബംഗാളി , മലയാളം തമിഴ് എന്നീ ഭാഷകളില്‍ നിന്നുമായി 32 ചിത്രങ്ങള്‍ ആണ് ഒമാന്‍-ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനുണ്ടായിരുന്നത്. ഒമാനി സിനിമ സംവിധായകന്‍ സമ്മ അല്‍ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയില്‍ മലയാള സിനിമ സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും വിധികര്‍ത്താക്കള്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യ ഹ്രസ്വ ചലച്ചിത്ര മേള ഒമാന്‍ ഫിലിം സൊസൈറ്റിയും മസ്‌ക്കറ്റ് കലാമണ്ഡലവും സംയുക്തമായി ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

Lets socialize : Share via Whatsapp