വാണിജ്യ - വ്യാപാര മേഖലയില്‍ ഇന്ത്യന്‍ കമ്പനികളെ സ്വാഗതമോതി ദുബായ്

by Business | 06-08-2018 | 838 views

ദുബായ്; ഊഷ്മളമായ ഉഭയകക്ഷി ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വാണിജ്യ-വ്യാപാര മേഖലകളിലടക്കം കൂടുതല്‍ പദ്ധതികള്‍ക്ക് ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ദുബായ് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്ത്യയില്‍ രണ്ടാമത്തെ ഓഫിസ് തുറക്കും. മുബൈയില്‍ ഇക്കൊല്ലം തന്നെ പുതിയ ഓഫീസ് തുറക്കും. ഇതോടെ വിദേശ രാജ്യങ്ങളിലുള്ള ചേംബര്‍ ഓഫീസുകളുടെ എണ്ണം പത്താകും.

അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്‌സ്, നഗരാസൂത്രണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് തീരുമാനം. ഇന്ത്യന്‍ കമ്പനികള്‍ക്കു ദുബായില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നു ദുബായ് ചേംബര്‍ പ്രസിഡന്‍റും സിഇഒ-യുമായ ഹമദ് ബുവാമിം പറഞ്ഞു. ദുബായിലെ കമ്പനികള്‍ക്ക് ഇന്ത്യയിലെ പദ്ധതികളിലും പങ്കാളിത്തം വഹിക്കാനാകും. ഇന്ത്യ നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളും വികസന പദ്ധതികളും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

ഇന്ത്യയും യുഎഇ-യും തമ്മില്‍ തന്ത്ര പ്രധാന സഹകരണം നിലവില്‍ വന്ന ശേഷം ബഹിരാകാശ രംഗത്ത് ഉള്‍പ്പെടെ ഒട്ടേറെ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധിയില്‍ (എഐ) സഹകരിക്കാനുള്ള ധാരണാപത്രത്തിലാണ് ഒടുവില്‍ ഒപ്പുവച്ചത്. സഹകരണം വഴി പത്തുകൊല്ലം കൊണ്ട് 2,000 കോടി ഡോളറിന്‍റെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗതം, ഓട്ടമൊബീല്‍, ഭക്ഷ്യസംസ്‌കരണം, വിവര സാങ്കേതിക വിദ്യ, ഊര്‍ജം എന്നീ മേഖലകളില്‍ പരസ്പരം നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്ഥാനപതിമാരുടെയും വിരമിച്ച സ്ഥാനപതിമാരുടെയും കൂട്ടായ്മയൊരുക്കി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വിവിധ മേഖലകളില്‍ ഇവര്‍ക്കുള്ള പരിജ്ഞാനം ഉഭയകക്ഷി ബന്ധം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തും.

ഊര്‍ജ രംഗത്ത് വന്‍ പദ്ധതികളാണ് രൂപം കൊള്ളുന്നത്. പാരമ്പര്യേതര ഊര്‍ജ രംഗത്ത് യുഎഇ-ക്കൊപ്പം കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ് ഇന്ത്യ. സൗരോര്‍ജ, കാറ്റാടിപ്പാട പദ്ധതികള്‍ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കും. ഈ രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ സ്വന്തമായി വികസിപ്പിച്ച രാജ്യമാണ് യുഎഇ.

38,238 ഇന്ത്യന്‍ കമ്പനികള്‍

ദുബായ് ചേംബറില്‍ 38,238 ഇന്ത്യന്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പകുതി വരെയുള്ള കണക്കാണിത്. 2015ല്‍ 27,717 കമ്പനികളായിരുന്നു. 38% വര്‍ധന. എണ്ണയിതര മേഖലയില്‍ ദുബായിയും ഇന്ത്യയും തമ്മിലുള്ള ഇടപാടില്‍ ക്രമാനുഗത വര്‍ധന രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം 2,700 കോടി ഡോളറിന്‍റെ ഇടപാടാണ് നടന്നത്. എണ്ണയിതര മേഖലയില്‍ ദുബായിയുടെ മൊത്തം ഇടപാടിന്‍റെ 7.6% വരുമിത്. നേരിട്ടും ഫ്രീസോണുകള്‍, കസ്റ്റംസ് വെയര്‍ ഹൗസുകള്‍ എന്നിവ വഴിയും നടക്കുന്ന ഇടപാടുകളില്‍ ഒരുപോലെ വളര്‍ച്ച പ്രകടമാണ്.

Lets socialize : Share via Whatsapp