
വിദേശത്ത് ഹോളിഡേയ്ക്കായി 100 ദശലക്ഷം ഡോളര്‍ ചെലവഴിക്കുകയാണ് സൗദി രാജാവ് സല്മാന്!! ലോകത്തെ ഏറ്റവും ചെലവേറിയ ഹോളിഡേ ആഘോഷിക്കാനാണ് സല്മാന് രാജാവ് മൊറോക്കയിലെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം 1000 ജീവനക്കാരും 200 കാറുകളും എത്തിയിരിക്കുന്നു. മൊറോക്കോയുടെ വടക്ക് പടിഞ്ഞാറുള്ള തന്റെ ഇഷ്ടപ്പെട്ട ഹോളിഡേ സ്പോട്ടായ ടാന്ഗിയറിലാണ് രാജാവ് ആഘോഷത്തിനെത്തിയിരിക്കുന്നത്.ഇദ്ദേഹത്തിനൊപ്പമെത്തിയവര് പോലും സ്റ്റാര്‍ ഹോട്ടലുകളിലാണ് താമസിക്കുന്നത്.
രാജാവ് താമസിക്കുന്നതാകട്ടെ 74 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ സമ്മര്‍ പാലസിലാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള നിരവധി ആഡംബര പ്രോപ്പര്ട്ടികളിലൊന്നാണിത്. ഇവിടെ ആഢംബര പൂര്‍ണമായ നിരവധി റസ്റ്റോറന്റുകളും കടലിന്റെ മനോഹരമായ കാഴ്ചകളുമുണ്ട്. രാജാവിന്റെ ഈ സമ്മര്‍ പാലസ് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ പുതുക്കിപ്പണിതിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ ഹെലിപ്പാഡും നിര്‍മ്മിച്ചിട്ടുണ്ട്. മൊറോക്കോയ്ക്ക് ലഭിക്കുന്ന ടൂറിസം വരുമാനത്തില്‍ 1.5 ശതമാനവും രാജാവിന്റെ സന്ദര്‍ശനങ്ങളില്‍ നിന്നാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
രാജാവ് ഇബിന് ബത്തൂത്ത എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ മൊറോക്കോ പ്രധാനമന്ത്രിയായ സാദിദിന് ഓത്ത്മാനിയാണ് സ്വീകരിച്ചത്. ഗള്‍ഫില്‍ സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്ന വേളയിലാണ് സൗദി രാജാവ് ഹോളിഡേ ആഘോഷത്തിനെത്തിയിരിക്കുന്നത്. രാജാവിന്റെ മൊറോക്കോയിലെ താമസസ്ഥലത്ത് നിരവധി അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്ത് വന്നിരുന്നു. കൊട്ടാരത്തിന് ചുറ്റിപ്പറ്റി നിരവധി കെട്ടിടങ്ങളും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. മൊറോക്കന്‍ റോയല്‍ ഗാര്‍ഡിലെ 30 അംഗങ്ങളാണ് ഇവിടെ സുരക്ഷയ്ക്കുള്ളത്. ഇവിടെ മെഡിക്കല്‍ സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.
തന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി രാജാവ് കിരീടാവകാശിയായി വാഴിച്ചത് അടുത്തിടെയായിരുന്നു. ഈ വര്‍ഷം ജൂണിലായിരുന്നു പട്ടാഭിഷേകം. 'മിസ്റ്റര്എവരിതിങ്' എന്നറിയപ്പെടുന്ന ഈ രാജകുമാരന് സൗദിയിലെ യുവജനങ്ങളുടെ പ്രതീക്ഷയായി ഉദിച്ചുയര്‍ന്നിട്ടുണ്ട്. മറ്റൊരു സൗദി രാജകുമാരനായ അല്‍ വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുള്‍ അസീസ് ഈ മാസം
ആദ്യം തുര്‍ക്കിയില്‍ ഹോളിഡേയ്ക്കായി തന്റെ സൂപ്പര്‍ യാട്ടില്‍ കയറി പോയത് വന്‍ വാര്‍ത്തയായിരുന്നു. തുര്‍ക്കിയിലേക്ക് ഒരു ബൈക്ക് ട്രിപ്പിനായിരുന്നു രാജകുമാരന്റെ യാത്ര. ടോപ് ലെസായി സൈക്ലിങ് നടത്തുന്ന രാജകുമാരന്റെ ചിത്രങ്ങളും തുടര്‍ന്ന് പുറത്ത് വന്നിരുന്നു.