ഖത്തര്‍ ലോകകപ്പ് ചരിത്രമാകുമെന്ന് മുന്‍ സ്‌കോട്ടിഷ് ഫുട്‌ബോള്‍ താരം ഗ്രെയാം സൂനസ്

by Sports | 29-07-2018 | 1568 views

ദോഹ; 2022-ലെ ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ അവിസ്മരണീയമായ ഒരു അനുഭവമാകുമെന്ന് മുന്‍ സ്‌കോട്ടിഷ് ഫുട്‌ബോള്‍ താരം ഗ്രെയാം സൂനസ്. ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഖത്തര്‍ 2022 വലിയൊരു കാര്യമാകും. ഏഷ്യ ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. മേഖലയിലുടനീളം ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന വലിയ ആരാധക വൃന്ദമുണ്ട്.

റഷ്യയിലെ ഇത്തവണത്തെ ലോകകപ്പിനെ കുറിച്ചു വലിയ ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, അത് വന്‍ വിജയമായി. അതുപോലെ തന്നെ ഖത്തര്‍ ലോകകപ്പും വന്‍ വിജയമാകും, ഗ്രെയാം സൂനസ് പറഞ്ഞു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പവിലിയന്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല ലോകകപ്പുകളില്‍ നിന്ന് വലിയ മാറ്റം ഖത്തര്‍ ലോക കപ്പിനുണ്ടാവും. ഏറ്റവും ദൂരെയുള്ള സ്റ്റേഡിയങ്ങള്‍ തമ്മില്‍ വെറും ഒരു മണിക്കൂറില്‍ താഴെ മാത്രമേ യാത്രയുള്ളൂവെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ആരാധകര്‍ക്ക് ഒരേ ഹോട്ടലില്‍ തന്നെ താമസിക്കാം; ഫുട്‌ബോള്‍ ആസ്വദിക്കാം. വേണമെങ്കില്‍ ഒരേ ദിവസം തന്നെ രണ്ടു കളികളും കാണാം. അത് അതിശയമുള്ള കാര്യമാണ്.

യാത്രാ സമയം കുറവാണെന്നത് കളിക്കാര്‍ക്കും ഏറെ പ്രയോജനകരമായ കാര്യമാണ്. യാത്രയ്ക്കു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നത് കളിക്കാരന്‍റെ ഊര്‍ജം നഷ്ടപ്പെടുത്തും. ഹോട്ടലുകളില്‍ നിന്ന് ഹോട്ടലുകളിലേക്കുള്ള മാറ്റം, താമസ സ്ഥലം, കിടക്കകള്‍ എന്നിവ മാറുന്നത് തുടങ്ങിയതൊക്കെ ടൂര്‍ണമെന്‍റിന്‍റെ സമയത്ത് കളിക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നതാണ്. രണ്ടു മല്‍സരങ്ങള്‍ക്കിടയിലുള്ള യാത്ര അത്ര എളുപ്പമുള്ളതല്ല. അതിലെല്ലാം ഖത്തര്‍ ലോകകപ്പ് വലിയ മാറ്റം വരുത്തുമെന്നും ഗ്രെയാം സൂനസ് പറഞ്ഞു.

Lets socialize : Share via Whatsapp