അറബി ഭാഷ ഒരു പ്രശ്‌നമാണോ?...സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും അറിയിപ്പുകളും ഇനി ഇംഗ്ലീഷിലും

by International | 29-07-2018 | 636 views

സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അറിയിപ്പുകളും ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാകുന്ന പദ്ധതിയ്ക്ക് നീതി ന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങിലൂടെ രാജ്യത്തെ വിദേശികള്‍ക്ക് സംവദിക്കുന്നതിനുള്ള അവസരവും അധികൃതര്‍ ഒരുക്കും.

നീതി ന്യായ സംസ്‌കാരം ആഗോളതലത്തിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യത്തിനകത്തും പുറത്തുമുളള മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തും.

രാജ്യത്തെ ജുഡീഷ്യല്‍ നിയമ വ്യവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഇംഗ്ലീഷില്‍ ട്വിറ്റര്‍ അക്കൗണ്ട് ഉടന്‍ പ്രഖ്യാപിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇംഗ്ലീഷ് സംസാരിക്കുന്നവരുമായി സംവദിക്കുന്നതിനും സോഷ്യല്‍ പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിനുമായി മന്ത്രാലയം സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമാണിതെന്ന് മന്ത്രാലയത്തിലെ മീഡിയ ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ തലവന്‍ മാജിദ് അല്‍ ഖമീസ് പറഞ്ഞു.

നിയന്ത്രണങ്ങളെയും അവകാശങ്ങളേയും സംബന്ധിച്ച് വിദേശ നിക്ഷേപകരെ അറിയിക്കുന്നതിനും കുടുംബങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും തൊഴില്‍ സമൂഹത്തിന്‍റെയും നിയമപരമായ അവകാശങ്ങളും കൃത്യമായി അറിയിക്കുന്നതിനും ഇത് ഉപകരിക്കുമെന്നും മാജിദ് അല്‍ ഖമീസ് പറഞ്ഞു.

Lets socialize : Share via Whatsapp