2022 - ലെ ലോകകപ്പ് ഫുട്‌ബോള്‍...ഒരുക്കങ്ങള്‍ ഗതിവേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി ഖത്തര്‍

by Sports | 22-07-2018 | 1182 views

ദോഹ; ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ നേരത്തേ ഒരുങ്ങും. ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി നാലര വര്‍ഷമുണ്ടെങ്കിലും എല്ലാ കാര്യങ്ങളും നേരത്തേ ചെയ്തുവയ്ക്കുകയാണ്. സ്റ്റേഡിയങ്ങളുടെ കാര്യത്തില്‍ വളരെ നേരത്തേയാണ് ഖത്തര്‍. 2022-ലെ ലോകകപ്പിനു വേണ്ടി എട്ടു സ്റ്റേഡിയങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യ സ്റ്റേഡിയം നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം കഴിഞ്ഞ വര്‍ഷം തുറന്നു. ലോകകപ്പ് ഫുട്‌ബോളിനു മുന്‍പ് മറ്റൊരു രാജ്യാന്തര കായികോല്‍സവവും ഖലീഫ സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ വേദിയും ഖലീഫ സ്റ്റേഡിയം തന്നെ. നിര്‍മാണത്തിലിരിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. അല്‍ വക്‌റ, അല്‍ ഖോര്‍ അല്‍ ബായ്ത്ത് സ്റ്റേഡിയങ്ങളുടെ നിര്‍മാണമാണ് ഈ വര്‍ഷം പൂര്‍ത്തിയാവുക. അടുത്ത വര്‍ഷം ആദ്യത്തില്‍ ഇവയുടെ ഉദ്ഘാടനം നടക്കും.

ലുസെയ്ല്‍ സ്റ്റേഡിയമുള്‍പ്പെടെ മറ്റ് അഞ്ചെണ്ണത്തിന്‍റെ നിര്‍മാണവും പുരോഗമിക്കുന്നു. 3,600 കോടി യു.എസ് ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ദോഹ മെട്രോയും പുരോഗതിയുടെ ട്രാക്കിലാണ്. ആദ്യ പാത ഈ വര്‍ഷം തന്നെ തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ല്‍ മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.

അവസാനവട്ട മിനുക്ക് പണികളാണ് ഈ സ്റ്റേഷനുകളില്‍ നടക്കുന്നത്. ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കായി മികച്ച താമസ സൗകര്യം ഒരുക്കാനുള്ള വിവിധ പദ്ധതികളും ഖത്തറില്‍ പുരോഗമിക്കുന്നു. ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രധാന വേദിയായ ലുസയ്ല്‍ നഗരത്തില്‍ പുതിയതായി 22 ഹോട്ടല്‍ സമുച്ചയങ്ങളാണ് ഉയരുന്നത്. ദോഹയുടെ തീരത്ത് നങ്കൂരമിടുന്ന ക്രൂസ് കപ്പലുകളില്‍ 12,000 പേര്‍ക്കും താമസമൊരുക്കും.

Lets socialize : Share via Whatsapp