2022-ലെ ഖത്തര്‍ ലോകകപ്പ് കാണാന്‍ രണ്ട് വര്‍ഷം മുമ്പെ ടിക്കറ്റ് എടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

by Sports | 20-07-2018 | 967 views

ദോഹ: നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2022-ല്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് എത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് വര്‍ഷം മുമ്പ് ടിക്കറ്റെടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവരോട് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആണ് നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നത്. മറ്റ് എയര്‍ലൈനുകള്‍ നിരക്ക് ഗണ്യമായി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലാണിതെന്ന് 'ദി ഇന്‍ഡിപെന്‍ഡന്‍റ്' ദിനപത്രത്തോട് അദ്ദേഹം പറയുന്നു.

എയര്‍ലൈനുകള്‍ സാധാരണ ഗതിയില്‍ 48-50 ആഴ്ച മുന്‍പാണ് ടിക്കറ്റ് ബുക്കിങ് അനുവദിക്കാറുള്ളത്. എന്നാല്‍, ഖത്തര്‍ എയര്‍വേയ്സ് ഫിഫയുടെ ഒഫീഷ്യല്‍ എയര്‍ലൈനാണ്. അതുകൊണ്ടു തന്നെ ഫിഫയുമായി ഖത്തര്‍ എയര്‍വേയ്സിനുള്ള പ്രതിബദ്ധത മുതലെടുക്കാനും കാര്യമായി നിരക്ക് ഉയര്‍ത്താനും മറ്റ് എയര്‍ലൈനുകള്‍ ശ്രമിച്ചേക്കും. ലോകകപ്പിന് എത്തുന്നവരെ മാത്രമല്ല, മറ്റു യാത്രക്കാരെയും ഉള്‍ക്കൊള്ളുകയെന്ന കടുത്ത സമ്മര്‍ദ്ദം ഖത്തര്‍ എയര്‍വേയ്സിനുണ്ട്. ക്രിസ്മസ് കാലത്ത് സാധാരണഗതിയില്‍ തന്നെ തിരക്കുണ്ടാകാറുള്ളതുമാണ്.

ലോകകപ്പ് യാത്രക്കാര്‍ക്കു വേണ്ടി ഖത്തര്‍ എയര്‍വേയ്സിന്‍റെ സീറ്റുകളില്‍ ഭൂരിഭാഗവും നീക്കിവയ്ക്കേണ്ടി വരുന്ന സാഹചര്യം മുതലെടുക്കാന്‍ മറ്റ് എയര്‍ലൈനുകള്‍ ശ്രമിക്കുമെന്ന് അക്ബര്‍ അല്‍ ബേക്കര്‍ മുന്നറിയിപ്പു നല്‍കി. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്ബോള്‍.

Lets socialize : Share via Whatsapp