
മസ്കത്ത്; പ്രത്യേക സാമ്പത്തിക മേഖലയായ ദുഖമില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ അവസരങ്ങളെന്ന് ഒമാന്‍. പെട്രോ കെമിക്കല്‍, സ്റ്റീല്‍, ഖനനം, ഭക്ഷ്യ വ്യവസായം തുടങ്ങിയവയില്‍ നിക്ഷേപത്തിന് ഇന്ത്യന്‍ കമ്പനികള്‍ മുന്നോട്ടുവരണം. സംയുക്ത സംരംഭങ്ങള്‍ക്കും ഇന്ത്യന്‍ സംരംഭകര്‍ക്ക് നൂറുശതമാനം നിക്ഷേപത്തിനും അവസരങ്ങള്‍ തുറന്നു കിടക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി വ്യക്തമാക്കി. ഒമാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ഡോ. സുനൈദി. ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യന്‍ വ്യവസായ പ്രതിനിധികളും സുരേഷ് പ്രഭുവിനൊപ്പം എത്തിയിട്ടുണ്ട്.
ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയും പങ്കെടുത്തു. നിക്ഷേപകര്‍ക്കു സഹായവും സൗകര്യവുമൊരുക്കാന്‍ രൂപവല്‍കരിച്ച ഒമാന്‍-ഇന്ത്യ സംയുക്ത സമിതിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിക്ഷേപകര്‍ക്കായി ഇന്‍വെസ്റ്റ് ഈസി പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ-ഒമാന്‍ സംയുക്ത സംരംഭങ്ങളായി 3,000-ല്‍ ഏറെ കമ്പനികള്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്നതായി ഡോ. സുനൈദി പറഞ്ഞു. പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള 150 കമ്പനികളും പ്രവര്‍ത്തിക്കുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ 1000 കോടി ഡോളറിന്റെ വ്യാപാര ഇടപാട് നടക്കുന്നതായി മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യയിലേക്ക് 250 കോടിയിലേറെ ഡോളറിന്റെ കയറ്റുമതി ഒമാന്‍ നടത്തുന്നതായാണ് കണക്ക്. ഇന്ത്യയില്‍ നിന്ന് 140 കോടിയിലേറെ ഡോളറിന്റെ ഇറക്കുമതിയും നടത്തുന്നു. ഇലക്ട്രോണിക്, സോഫ്റ്റ് വെയര്‍ രംഗങ്ങളിലടക്കം പുതിയ സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ സഹകരണത്തോടെ ഒമാന്‍ തുടക്കം കുറിക്കും. വിവര സാങ്കേതിക-വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകളില്‍ (ഐസിടി) ഇന്ത്യക്കുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തും. നിലവിലുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം കൂടുതല്‍ മേഖലകളില്‍ പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യും.
മസ്കത്തില് നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് വിശാല തീരദേശമായ ദുഖം. ഭൂമിശാസ്ത്രപരമായും പ്രധാന്യമര്‍ഹിക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് അതിവേഗത്തില്‍ ഇവിടെ നിന്ന് ചരക്കു നീക്കം നടത്താനാകും. കോടികളുടെ വികസന പദ്ധതികളാണ് ഇവിടെ പുരോഗമിക്കുന്നത്. ഇന്ത്യന്‍ കമ്പനികളും സജീവം. ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കാന്‍ തുറമുഖത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിവരുകയാണ്. ബെര്‍ത്തുകളുടെ ആഴം കൂട്ടുന്ന ജോലി പുരോഗമിക്കുന്നു. കപ്പലുകള്‍ക്കും വലിയ ബോട്ടുകള്‍ക്കും സുഗമമായി വരാന്‍ സൗകര്യമൊരുങ്ങും. ദുഖമിനടുത്ത് റാസ് മര്‍ക്കസില്‍ 40 കോടി ഡോളര്‍ മുതല്‍മുടക്കില്‍ എണ്ണ സംഭരണ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള നടപടികള്‍ 2016-ല്‍ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ടെര്‍മിനല്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.