ഈ വര്‍ഷം ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തത് 78 ലക്ഷം യാത്രക്കാര്‍

by Travel | 19-07-2018 | 766 views

ദോഹ; ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തത് 78 ലക്ഷം യാത്രക്കാര്‍. ഇക്കാലയളവില്‍ 53,517 വിമാനങ്ങളാണ് വന്നുപോയത്. ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 12.56 ശതമാനവും വിമാനങ്ങളുടെ എണ്ണത്തില്‍ 8.9 ശതമാനവും വര്‍ധനയുണ്ടായി. വിമാനത്താവളം കൈകാര്യം ചെയ്യുന്ന കാര്‍ഗോ അഞ്ചു ശതമാനം വര്‍ധിച്ച് 5,40,357 ടണ്ണിലെത്തി.

ഏപ്രിലില്‍ 28,12,114 യാത്രക്കാര്‍, മേയില്‍ 24,34,611 യാത്രക്കാര്‍, ജൂണില്‍ 25,45,257 യാത്രക്കാര്‍ എന്നിങ്ങനെയാണ് ഹമദ് വിമാനത്താവളം കൈകാര്യം ചെയ്തത്. 17,503 (ഏപ്രില്‍), 17,971 (മേയ്), 18,043 (ജൂണ്‍) എന്നിങ്ങനെയാണ് വിമാനത്താവളം കഴിഞ്ഞ മാസങ്ങളില്‍ കൈകാര്യം ചെയ്ത വിമാനങ്ങളുടെ എണ്ണം. 1,77,591 ടണ്‍ (ഏപ്രില്‍), 1,84,372 ടണ്‍ (മേയ്), 1,78,393 ടണ്‍ (ജൂണ്‍) എന്നിങ്ങനെയാണു കഴിഞ്ഞ മാസങ്ങളില്‍ വിമാനത്താവളം കൈകാര്യം ചെയ്ത കാര്‍ഗോ ഉല്‍പന്നങ്ങള്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട ഹമദ് വിമാനത്താവളം 2018ല്‍ മികച്ച വളര്‍ച്ചയാണു കൈവരിച്ചതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

യാത്രക്കാര്‍ക്ക് ലോക നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാനായി അത്യാധുനിക സംവിധാനങ്ങളാണു ഹമദ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് സുഗമമവും ബുദ്ധിമുട്ടുകളില്ലാത്തതുമായ യാത്ര ഉറപ്പാക്കുന്നതിനാണു ഹമദ് വിമാനത്താവളം പ്രാധാന്യം നല്‍കുന്നത്. ഖത്തര്‍ മ്യൂസിയംസുമായി സഹകരിച്ച് 'കോസ്‌മോസ്' എന്ന ശില്‍പം അടുത്തിടെ വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്നു. 2022 ലോകകപ്പില്‍ ഖത്തറിലേക്കുള്ള ലോകത്തിന്‍റെ പ്രവേശന കവാടമായി ഹമദ് വിമാനത്താവളം മാറും. 2022-ല്‍ അഞ്ചു കോടി യാത്രക്കാരെ വരവേല്‍ക്കാനാണ് ഹമദ് വിമാനത്താവളം ഒരുങ്ങുന്നത്.

ഖത്തര്‍ എയര്‍വേസ് ബിസിനസ് ക്ലാസിലെ ക്യുസ്വീറ്റ് ഇനി മുതല്‍ മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളിലും. ബിസിനസ് ക്ലാസിലെ ആഡംബരത്തിന്‍റെ ഏറ്റവും അത്യാധുനിക രൂപമാണ് ക്യുസ്വീറ്റ്. ഡബിള്‍ ബെഡ്, നാലുപേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്വകാര്യ ക്യാബിനുകള്‍, സ്വകാര്യ മുറിയാക്കി മാറ്റാനുള്ള സംവിധാനം തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ക്യുസ്വീറ്റിനുണ്ട്. ഇത്തവണത്തെ സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡിലും മികച്ച ബിസിനസ് ക്ലാസ് സീറ്റായി ക്യുസ്വീറ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഒരുമിച്ചിരുന്നു ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും സംസാരിച്ചിരിക്കാനും കഴിയുന്ന തരത്തിലാണു ക്യുസ്വീറ്റ് ആവിഷ്‌കരിച്ചിട്ടുള്ളത്. രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധേയമായതാണു ക്യുസ്വീറ്റുകളെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ബിസിനസ് ക്ലാസ് കാബിനിലേക്കു ഫസ്റ്റ് ക്ലാസ് അനുഭവം കൊണ്ടുവന്നതിലൂടെ യാത്രക്കാര്‍ക്ക് അധികമൂല്യമുള്ള യാത്ര ലഭ്യമാക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp