അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുവൈത്തില്‍ പ്രത്യേക വകുപ്പ് രൂപവത്കരിക്കാന്‍ ആവശ്യം

by International | 18-07-2018 | 664 views

കുവൈറ്റ്: കുവൈറ്റില്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നജഫിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ നിരവധി എം.പി-മാരാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. ഇറാഖിലെ സംഭവ വികാസങ്ങളും ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടക്കാനുള്ള സാധ്യത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എം.പി-മാര്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക വകുപ്പ് എന്ന ആശയം മുന്നോട്ടു വെച്ചത്. ഇറാഖില്‍ തെരഞ്ഞെടുപ്പിന് ശേഷം അസ്ഥിരമായ സാഹചര്യമാണുള്ളതെന്നും ഘട്ടത്തില്‍ അയല്‍ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത കൈകൊള്ളേണ്ടതുണ്ടെന്നും എം.പി-മാര്‍ അഭിപ്രായപ്പെട്ടു.

ഇറാഖിലെ സംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്ന് പാര്‍ലമെന്‍റിലെ ആഭ്യന്തര പ്രതിരോധ സമിതി മേധാവി അസ്‌കര്‍ അല്‍ ഇന്‍സി എം.പി പറഞ്ഞു. കുവൈറ്റിനോട് അടുത്തുള്ള തെക്കന്‍ ഇറാഖിലെ സ്ഥിതി ഗതികള്‍ ഏത് രൂപത്തില്‍ മാറി മറിയുമെന്ന് പറയാന്‍ പറ്റില്ലെന്ന് മുഹമ്മദ് അല്‍ ദലാല്‍ എം.പി അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മുന്‍കാലത്തേക്കാള്‍ ജാഗ്രത ഇക്കാര്യത്തില്‍ വേണ്ടതുണ്ടെന്നും മുഹമ്മദ് അല്‍ ദല്ലാല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റ് അംഗങ്ങളായ റിയാദ് അല്‍ അദസാനി, ഉസാമ അല്‍ ഷാഹീന്‍, നായിഫ് അല്‍ മുദ്റാസ് എന്നിവരും വിഷയം ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Lets socialize : Share via Whatsapp