ദുബായില്‍ ഭാര്യയെ സംശയം തോന്നിയ ഇന്ത്യന്‍ ഭര്‍ത്താവ് പര്‍ദ്ദ ധരിച്ച് പിന്തുടര്‍ന്നു...പോലീസ് പിടിയിലായതോടെ കുറ്റസമ്മതം

by Dubai | 18-07-2018 | 738 views

ദുബായ്; ഭാര്യയെ സംശയം തോന്നിയ ഇന്ത്യക്കാരന്‍ ഭാര്യയെ പിന്തുടരാന്‍ സ്വീകരിച്ച വഴി ഏവരെയും അമ്പരപ്പിക്കുന്നത്. അതും ദുബായ് പോലൊരു രാജ്യത്ത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് പരിശോധിക്കാന്‍ പര്‍ദ ധരിച്ച ഇയാള്‍ പോലീസ് പിടിയിലായതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഇന്ത്യക്കാരിയായ ഭാര്യയെ കടുത്ത സംശയം ഉണ്ടായിരുന്ന പ്രതി ഏപ്രിലില്‍ ആണ് ആള്‍മാറാട്ടം നടത്തിയത്. ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് ഭാര്യ ആരുമായോ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെന്ന് മനസിലാക്കിയ ഇയാള്‍ ഇവരെ കയ്യോടെ പിടികൂടാന്‍ ആയിരുന്നു വേഷം മാറി പോയത്. ഇതിനായി ദെയ്‌റയിലെ ഒരു കടയില്‍ നിന്നും പര്‍ദയും ബുര്‍ഖയും അടിവസ്ത്രങ്ങളും വാങ്ങിയെന്നാണ് രേഖകള്‍ പറയുന്നത്. പര്‍ദയും ബുര്‍ഖയും ധരിക്കുകയും സ്ത്രീകളുടേത് പോലെ ശരീരത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. മെട്രോ സ്റ്റേഷനില്‍ പോയ ഇയാളെ ഒരു സ്റ്റേഷനില്‍ വച്ച് പൊലീസ് തടയുകയും ബുര്‍ഖ മാറ്റി മുഖം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് വേഷം കെട്ടല്‍ പൊളിഞ്ഞത്. പൊലീസുകാരന്‍ ഇന്ത്യക്കാരനെ കയ്യോടെ പിടികൂടുകയും ചെയ്തു.

താന്‍ സ്ത്രീകളുടെ വസ്ത്രം ധരിച്ചുവെന്ന് 37 വയസ്സുള്ള ഇന്ത്യക്കാരന്‍ സമ്മതിച്ചു. ഭാര്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ക്ഷമ ചോദിക്കുന്നുവെന്നും ദുര്‍നടപടികള്‍ പരിഗണിക്കുന്ന ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു. ഭാര്യയുടെ ദുര്‍നടപ്പ് കയ്യോടെ പിടികൂടാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും അവരെ പിന്തുടരുകയായിരുന്നു ഉദ്ദേശമെന്നും ഇന്ത്യക്കാരന്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് 2000 ദിര്‍ഹം പിഴ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍, പ്രോസിക്യൂട്ടേഴ്‌സ് ഇതിനെ ചോദ്യം ചെയ്തു. അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും പ്രതിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. ഇന്ത്യക്കാരന്‍ സ്ത്രീകളെ പോലെ വസ്ത്രം ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും വാദിച്ചു. പ്രോസിക്യൂട്ടേഴ്‌സിന്‍റെ അപ്പീല്‍ ഈ മാസം അവസാനം കോടതി പരിഗണിക്കുമെന്നാണ് സൂചന.

കോടതിയില്‍ ഇന്ത്യക്കാരന്‍ നടന്ന കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്ത തെറ്റ് അംഗീകരിക്കുകയും ചെയ്തു. താന്‍ സ്വവര്‍ഗാനുരാഗി അല്ലെന്നും സ്ഥിരമായി സ്ത്രീകളുടെ വസ്ത്രം ധരിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു. ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയം ഉണ്ടായിരുന്നു. ഫോണിലൂടെ ആരോടോ മെട്രോ സ്റ്റേഷനില്‍ കാണാം എന്നു പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഭാര്യയെ കയ്യോടെ പിടികൂടാന്‍ ആയിരുന്നു വേഷം മാറി പോയത്. മറ്റൊരു ക്രിമിനല്‍ ഉദ്ദേശവും ഇല്ലായിരുന്നുവെന്നും ഇന്ത്യക്കാരന്‍ വ്യക്തമാക്കി.

Lets socialize : Share via Whatsapp