ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട തായ്‌ലന്‍ഡിലെ ഫുട്‌ബോള്‍ അക്കാദമി കുട്ടികളെ ഖത്തര്‍ ലോകകപ്പിന് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇന്ത്യന്‍ കമ്പനി

by Sports | 17-07-2018 | 700 views

ദോഹ; തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നു രക്ഷപ്പെടുത്തിയ മൂ പാ (വൈല്‍ഡ് ബോര്‍) ഫുട്ബോള്‍ അക്കാദമിയിലെ 12 കുട്ടികളെയും പരിശീലകനെയും 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന് എത്തിക്കാന്‍ സന്നദ്ധത അറിയിച്ച് ഖത്തറിലെ ഇന്ത്യന്‍ കമ്പനി. മലയാളി ഉടമസ്ഥതയിലുള്ള ഗ്രെയ്സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നിക്കല്‍ സര്‍വീസസ് ആണ് ഇവരെ 2022-ലെ ലോകകപ്പ് കാണിക്കാനായി ഖത്തറിലേക്ക് കൊണ്ടുവരാന്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറായി രംഗത്തെത്തിയത്.

കമ്പനി ജനറല്‍ മാനേജര്‍ ജി. ബിജു ഇതു സംബന്ധിച്ച കത്ത് ദോഹയിലെ തായ് എംബസി ചാര്‍ജ് ഡി അഫയേഴ്സ് ചതുരോന്ത് ചെയ്യാകത്തിനു കഴിഞ്ഞദിവസം കൈമാറി. കത്ത് ലഭിച്ചതായും ഇതു തായ് വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയതായും തായ് എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തായ് അധികൃതരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും എംബസി അറിയിച്ചു.

ഗുഹയില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികളെ ലോകകപ്പ് ഫൈനല്‍ മല്‍സരം വീക്ഷിക്കാന്‍ റഷ്യയിലേക്ക് എത്തിക്കാമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായ കുട്ടികള്‍ ചികില്‍സയിലായിരുന്നതിനാല്‍ റഷ്യയിലേക്കു പോകാന്‍ കഴിഞ്ഞില്ല. ഇവരെ സെപ്റ്റംബറില്‍ ലണ്ടനില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനെത്തിക്കാമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp