2022-ലെ ലോകകപ്പിന് റഷ്യയെ കണ്ടുപഠിച്ച് മുന്നൊരുക്കങ്ങള്‍ നടത്താനൊരുങ്ങി ഖത്തര്‍

by Sports | 14-07-2018 | 1119 views

ദോഹ; റഷ്യന്‍ ലോകകപ്പിന്‍റെ അനുഭവങ്ങളില്‍ നിന്നുള്ള ഊര്‍ജവുമായി ഖത്തര്‍ 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് തയാറെടുക്കുന്നു. ഖത്തര്‍ ലോകകപ്പിന്‍റെ പ്രാദേശിക സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ (എസ് സി) ഉന്നത ഉദ്യോഗസ്ഥ സംഘമാണ് റഷ്യന്‍ ലോകകപ്പിന്‍റെ സംഘാടനം നേരിട്ടു മനസ്സിലാക്കുന്നത്.

സുരക്ഷയുള്‍പ്പെടെ ലോകകപ്പിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഘം പരിശോധിക്കുന്നു. റഷ്യയില്‍ ലോകകപ്പ് നടക്കുന്ന എല്ലാ വേദികളിലും എസ്. സി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അല്‍ അലി പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി ഷാഡോ മോണിറ്ററിങ്, ഫീല്‍ഡ് ഒബ്‌സര്‍വേഷന്‍, ഫീല്‍ഡ് വര്‍ക്ക് എന്നിവ മനസ്സിലാക്കാന്‍ 70 ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലെയും റോഡുകളിലെയും ഫുട്‌ബോള്‍ ആരാധകര്‍ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളിലെയും സുരക്ഷയാണ് പരിശോധിക്കുന്നത്.

റഷ്യയില്‍ നിന്നുള്ള അനുഭവം ഖത്തര്‍ ലോകകപ്പ് സുരക്ഷിതമാക്കാന്‍ സഹായിക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത് വളരെയധികം ശ്രദ്ധ പതിയേണ്ട കാര്യമാണെന്നും അല്‍ അലി പറഞ്ഞു. സുരക്ഷ മാത്രമല്ല, സംഘാടനത്തിലെ ഓരോ കാര്യവും നേരിട്ടു മനസ്സിലാക്കി ഖത്തര്‍ ലോകകപ്പിനു സഹായകമായ രീതിയില്‍ ഉപയോഗിക്കാനാണ് എസ്. സി-യുടെ ശ്രമം. റഷ്യയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഫാന്‍ സോണിലുള്‍പ്പെടെ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നാണു റിപ്പോര്‍ട്ട്. വന്‍തോതില്‍ ഫുട്‌ബോള്‍ ആരാധകരെത്തുന്ന ഫാന്‍ സോണില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റഷ്യയില്‍ നിന്നുള്ള അനുഭവങ്ങള്‍ സഹായകരമാകും. കോര്‍ണിഷിനു സമീപമുള്ള അല്‍ ബിദ പാര്‍ക്കിലാണ് നിലവില്‍ ഫാന്‍ ഫെസ്റ്റ് ആസൂത്രണം ചെയ്തിട്ടുള്ളത്.

എന്നാല്‍, ഇതു ശരിയായ വേദിയല്ലെന്ന നിഗമനത്തിലാണ് സുപ്രീം കമ്മിറ്റി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വേദി മാറ്റിയേക്കും. റഷ്യയില്‍നിന്നു വ്യത്യസ്തമായി ഖത്തറിലേത് ഒറ്റ നഗരത്തില്‍ നടക്കുന്ന ലോകകപ്പായി മാറുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടല്‍. ഖത്തര്‍ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളില്‍ നാലെണ്ണം ദോഹയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാ ടീമുകളുടെയും ആരാധകരുടെ സാന്നിധ്യം മുഴുവന്‍സമയവും നഗരത്തിലുണ്ടാകും.

Lets socialize : Share via Whatsapp