ദുബായില്‍ നിന്ന് നാട്ടില്‍ പോകാന്‍ 700 ദിര്‍ഹം കൊടുത്ത് പാസ്‌പോര്‍ട്ട് കടം വാങ്ങിയ പ്രവാസി കുടുങ്ങി

by Dubai | 11-07-2018 | 589 views

ദുബായ്: നാട്ടില്‍ പോകാന്‍ മറ്റൊരാളുടെ പാസ്‌പോര്‍ട്ട് കടം വാങ്ങിയ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി. 700 ദിര്‍ഹം കൊടുത്താണ് നാട്ടുകാരനായ മറ്റൊരാളുടെ പാസ്‌പോര്‍ട്ട് കടം വാങ്ങി ടിക്കറ്റുമെടുത്ത് എയര്‍പോര്‍ട്ടില്‍ ചെന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ ഉദ്ദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

35 കാരനായ പാകിസ്ഥാനി പൗരന്‍ തൊഴില്‍ രഹിതനായി ദുബായില്‍ കഴിഞ്ഞുവരികയായിരുന്നു. ഇയാള്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരനായ മറ്റൊരാളോട് സഹായം തേടിയത്. 700 ദിര്‍ഹം നല്‍കിയാല്‍ തന്‍റെ പാസ്‌പോര്‍ട്ട് കടം തരാമെന്ന് ഇയാള്‍ സമ്മതിച്ചു. ഇങ്ങനെ വാങ്ങിയ പാസ്‌പോര്‍ട്ടുമായാണ് ഇയാള്‍ എയര്‍പോര്‍ട്ടിലെത്തിയത്.

ദുബായ് എയര്‍പോര്‍ട്ടിലെ പരിശോധനയ്ക്കിടെ പാസ്‌പോര്‍ട്ട് ഇയാളുടേതല്ലെന്ന് ജീവനക്കാര്‍ കണ്ടെത്തി. വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ശേഷം പൊലീസിന് കൈമാറുകയായിരുന്നു. പരിശോധനയില്‍ പാസ്‌പോര്‍ട്ട് വ്യാജമല്ലെന്ന് കണ്ടെത്തി. എന്നാല്‍ പാസ്‌പോര്‍ട്ടും അതില്‍ പതിച്ചിരുന്ന വിസയും മറ്റൊരാളുടേതായിരുന്നു. ചോദ്യം ചെയ്യലില്‍ കടം വാങ്ങിയ പാസ്‌പോര്‍ട്ട് തന്നെയെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ കഴിഞ്ഞ ദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍റ്സ് കോടതിയില്‍ ഹാജരാക്കി. കേസ് ജൂലൈ 16-ന് പരിഗണിക്കാനായി മാറ്റിവെച്ചു.

Lets socialize : Share via Whatsapp