ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു

by Sharjah | 11-07-2018 | 946 views

ഷാര്‍ജ : അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു. ഷാര്‍ജ-ദൈദ് റോഡില്‍ നിന്ന് എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ പാലം വഴിയൊരുക്കുന്നു. പാലവും അനുബന്ധ റോഡുമടക്കം 2.1 കിലോമീറ്ററാണ് നീളമുള്ളത്. അഞ്ച് മീറ്റര്‍ വ്യത്യാസത്തില്‍ തീര്‍ത്തിരിക്കുന്ന 103 വിളക്കുകാലുകളില്‍ ഇസ്ലാമിക നിര്‍മാണ കലയും ഷാര്‍ജയുടെ സാംസ്‌കാരിക അടയാളങ്ങളും കാണാം.

8.50 കോടി ദിര്‍ഹം ചിലവിട്ട് ഷാര്‍ജ പൊതുമരാമത്ത് വകുപ്പാണ് പാലം നിര്‍മ്മിച്ചത്. പഴയ പാലത്തില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗത കുരുക്കിന് പുതിയ പാലം പരിഹാരമാവും. ഫ്രിസോണ്‍, താമസ മേഖലകള്‍ എന്നിവയിലേക്കുള്ള വാഹനങ്ങളും എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങളും കടന്ന് വരുന്നത് കാരണം പഴയ പാലത്തില്‍ മിക്ക സമയങ്ങളിലും അനുഭവപ്പെട്ടിരുന്ന ഗതാഗത കുരുക്ക് പുതിയ പാലം അഴിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ചെയര്‍മാന്‍ അലി ബിന്‍ ഷഹീന്‍ ആല്‍ സുവൈദി പറഞ്ഞു.

പുതിയ ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യാത്രാമാര്‍ഗങ്ങളും പാര്‍ക്കിങ് മേഖലകളും വിപുലപ്പെടുത്തി. അടിസ്ഥാന വികസന മേഖലയില്‍ സമഗ്രമായ വികസനം നടപ്പിലാക്കുകയാണ്. പുതിയ പാലത്തിന്‍റെ വരവോടെ ആയിരം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗക്യവും ഒരുങ്ങുകയാണെന്ന് ഷാര്‍ജ വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ അലി സലീം ആല്‍ മിദ്ഫ പറഞ്ഞു.

ഒന്‍പത് മീറ്റര്‍ ഉയരമുള്ള വിളക്കുകാലുകളില്‍ എല്‍.ഇ.ഡി ലൈറ്റുകളാണ് പ്രഭ ചൊരിയുന്നത്. ഊര്‍ജ്ജ സംരക്ഷണം ഇത് വഴി നടപ്പിലാക്കുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. 535 ദിവസമെടുത്താണ് പാലം പൂര്‍ത്തിയാക്കിയത്.

Lets socialize : Share via Whatsapp