ഔദ്യോഗിക തസ്രീഹ് ഇല്ലാതെ ഹജ്ജിനെത്തിയ ഒരുലക്ഷത്തോളം പേരെ തിരിച്ചയച്ചു

by International | 16-08-2017 | 789 views

മക്ക : കഴിഞ്ഞ ശവ്വാല്‍ മാസം മുതല്‍ ഇന്നലെ വരെ ഹജ്ജിനെത്തിയ ഒരുലക്ഷത്തോളം പേരെ തിരിച്ചയച്ചതായി സൗദി സുരക്ഷ വിഭാഗം  അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നും തസ്രീഹ് (അനുമതി രേഖ) ഇല്ലാതെ ഹജ്ജ് ചെയ്യാന്‍ എത്തിയവരെയാണ്
തിരിച്ചയച്ചത്. 95,400 പേരെ കൂടാതെ 47,700 വാഹനങ്ങളും  തിരിച്ചയച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഹാജിമാരുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ നിയമങ്ങളെ ഭേദിക്കുവാനോ ഹജ്ജിന്‍റെ വിശുദ്ധമായ അന്തരീക്ഷത്തെ മലിനപ്പെടുത്തുവാനോ ആരെയും അനുവദിക്കില്ല എന്ന് ഹജ്ജ് സുരക്ഷാ വിഭാഗം മേധാവി ഖാലിദ്‌ അല്‍ ഹര്‍ബി പറഞ്ഞു.

നിയമം ലംഘിക്കുന്നവരെയും അനുമതി രേഖയില്ലാതെ ഹജ്ജിനെത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അതിനായി അറഫാ, മിന, ഫറം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിലേക്കും, മക്കയിലേക്ക് വരുന്ന മുഴുവന്‍ ഊടുവഴികളിലും റോഡുകളിലും ശക്തമായ പരിശോധന നടത്തുമെന്നും പറഞ്ഞു. എല്ലാ സുരക്ഷാ സംവിധാനവും അള്ളാഹുവിന്‍റെ അഥിതിയായി വിശുദ്ധ ഭൂമിയില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി അവരുടെ കൂടെ ഉണ്ടാകുമെന്നും ഖാലിദ് അല്‍ ഹര്‍ബി പറഞ്ഞു.

Lets socialize : Share via Whatsapp