2022-ലെ ലോകകപ്പ് മത്സരങ്ങള്‍ക്കൊരുങ്ങാന്‍ ഖത്തര്‍...കണ്ടെയ്‌നര്‍ സ്റ്റേഡിയം നിര്‍മാണം ചൈനീസ് കമ്പനിക്ക്

by Sports | 28-06-2018 | 1267 views

ദോഹ: നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി റാസ് അബു അബൂദില്‍ കണ്ടെയ്‌നര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനി. ചൈന ഇന്റര്‍നാഷനല്‍ മറൈന്‍ കണ്ടെയ്‌നര്‍ ഗ്രൂപ്പാണ് (സിഐഎംസി) സ്റ്റേഡിയം നിര്‍മാണത്തിനുള്ള പ്രധാന കരാര്‍ നേടിയത്. ലോകകപ്പ് ഫുട്‌ബോളിനായി ഖത്തറില്‍ പുതിയതായി നിര്‍മിക്കുന്ന ഏഴു സ്റ്റേഡിയങ്ങളില്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് റാസ് അബു അബൂദ് സ്റ്റേഡിയം. എടുത്തുമാറ്റി മറ്റൊരു സ്ഥലത്തു സ്ഥാപിക്കാന്‍ കഴിയുന്ന തരത്തില്‍ ഷിപ്പിങ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. സ്റ്റേഡിയം നിര്‍മ്മിക്കുകയല്ല, പകരം ഉല്‍പാദിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പ്രോജക്റ്റ് മാനേജര്‍ വാങ് ഫീ പറഞ്ഞു. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സംഘം സിഐഎംസി ഫാക്റ്ററി സന്ദര്‍ശിച്ച ശേഷമാണു കമ്പനി സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുക.

സ്റ്റേഡിയത്തിനുവേണ്ടി തയ്യാറാക്കിയ സാംപിള്‍ കണ്ടെയ്‌നറുകള്‍ പരിശോധിക്കാനാണ് സംഘമെത്തുന്നത്. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയതാണ് ഈ കണ്ടെയ്‌നര്‍ സ്റ്റേഡിയം. 2020ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും പൊളിച്ചുമാറ്റി, കണ്ടെയ്‌നറുകള്‍ക്കുള്ളിലാക്കി, മറ്റൊരു സ്ഥലത്തു കൊണ്ടുപോയി സ്ഥാപിക്കാന്‍ കഴിയുന്ന ആദ്യത്തെ ലോകകപ്പ് സ്റ്റേഡിയമാണിത്. 4.50 ലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ 40,000 സീറ്റുകളാണുണ്ടാകുക. ഏഴു നിലകളിലായി 990 മോഡുലാര്‍ കണ്ടെയ്‌നറുകളാണ് സ്റ്റേഡിയത്തിനായി ഉപയോഗിക്കുക. ഓരോ കണ്ടെയ്‌നറിനും ആറു മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതം വീതിയും ഉയരവുമുണ്ടായിരിക്കും.

ഒരു ആധുനിക സ്റ്റാര്‍ ഹോട്ടലിന് അനുസരിച്ചുള്ള എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും സ്റ്റേഡിയത്തിലുണ്ടായിരിക്കും. വിവിധ ഘട്ടങ്ങളായാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുക. ഉരുക്കില്‍ സ്റ്റേഡിയത്തിന്റെ ചട്ടക്കൂട് നിര്‍മ്മിക്കുകയെന്നതാണ് ആദ്യത്തെ ഘട്ടം. അടുത്ത ഘട്ടത്തില്‍ 'ലെഗോ' ബില്‍ഡിങ് ബ്ലോക്കുകള്‍ പോലെ കണ്ടെയ്‌നറുകള്‍ സ്ഥാപിക്കും. ഇതിനുശേഷം പെയിന്റടിച്ചു മനോഹരമാക്കും. പ്രീഫാബ്രിക്കേറ്റഡ് മോഡുലാര്‍ കണ്ടെയ്‌നറുകളാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി വസ്തുക്കള്‍ പാഴായി പോകുന്നതു കുറയ്ക്കാനും കഴിയുമെന്ന് വാങ് ഫീ പറഞ്ഞു. നിര്‍മ്മാണ സമയത്തില്‍ മൂന്നു വര്‍ഷം ലാഭിക്കാനും മുന്‍കൂട്ടി തയ്യാറാക്കിയ മോഡുലാര്‍ കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

Lets socialize : Share via Whatsapp