മാനം കാത്ത് സൗദി...ഈജിപ്തുമായുള്ള മത്സരത്തില്‍ സൗദിക്ക് ജയം

by Sports | 25-06-2018 | 1215 views

വോള്‍ഗോഗ്രാഡ്: റഷ്യന്‍ ലോകകപ്പിന്‍റെ താരാമാകാനെത്തിയ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായ്ക്ക് ഒരു വിജയം പോലും നേടാനാകാതെ മടക്കം. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സൗദി അറേബ്യയോടും ഈജിപ്ത് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദിയുടെ വിജയം. മുഹമ്മദ് സലാ നേടിയ ഗോളില്‍ (23) ആദ്യം മുന്നില്‍ക്കയറിയ ഈജിപ്തിനെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സൗദി തോല്‍പ്പിച്ചത്. ഇരുപകുതികളുടെയും ഇന്‍ജുറി ടൈമിലായിരുന്നു സൗദിയുടെ ഗോളുകള്‍. ഇതിനിടെ ഒരു പെനാല്‍റ്റി സൗദി പാഴാക്കുകയും ചെയ്തു.

ഇതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി സൗദിക്കും അവസാന സ്ഥാനക്കാരായി ഈജിപ്തിനും നാടുകളിലേക്കു മടങ്ങാം. നേരത്തെ തന്നെ ലോകകപ്പില്‍ നിന്ന് പുറത്തായ ഇവരുടെ ഗ്രൂപ്പില്‍ നിന്ന് യുറഗ്വായും റഷ്യയുമാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ റഷ്യയെ തോല്‍പ്പിച്ച യുറഗ്വായ് ഗ്രൂപ്പു ചാംപ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഒരു മല്‍സരം പോലും ജയിക്കാനായില്ലെങ്കിലും സ്വന്തം പേരില്‍ രണ്ടു ഗോളുകള്‍ കുറിച്ചാണ് സലാ റഷ്യയില്‍ നിന്ന് മടങ്ങുന്നത്.

Lets socialize : Share via Whatsapp