സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ല; ഷാര്‍ജയില്‍ 8,884 പേര്‍ക്ക് പിഴ

by Sharjah | 24-06-2018 | 1372 views

ഷാര്‍ജ: വണ്ടിയോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുന്നതായി ഷാര്‍ജ പോലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഈ വര്‍ഷം ഇതുവരെ പിഴ ലഭിച്ചത് 8,884 പേര്‍ക്കാണ്. വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 4,426 പേര്‍ക്ക് പിഴ കിട്ടി.

റോഡപകടങ്ങളില്‍ മരണനിരക്ക് കുറയാനും ഗുരുതരമായ പരിക്കുകള്‍ ഇല്ലാതെ ജീവന്‍ രക്ഷിക്കാനും ഏറെ നിര്‍ണായകമാണ് സീറ്റ് ബെല്‍റ്റുകളെന്ന് ഷാര്‍ജ പോലീസ് ചൂണ്ടിക്കാട്ടി. പുറകിലിരിക്കുന്ന യാത്രക്കാരും കുട്ടികളും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതും നിര്‍ബന്ധമാണ്. അത്‌പോലെ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ശ്രദ്ധ പോകുന്നത് വാഹനാപകടങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണമായി കണ്ടെത്തിയിട്ടുണ്ട്.

നിരന്തര ബോധവത്കരണങ്ങള്‍ക്ക് ശേഷവും തുടരുന്ന നിയമലംഘനങ്ങള്‍ ആശാവഹമല്ലെന്ന് പോലീസ് അഭിപ്രായപ്പെട്ടു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ബ്ലാക്ക് പോയിന്‍റും വണ്ടി കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളും നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Lets socialize : Share via Whatsapp