ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങി ഖത്തറിലെ ഹമദ് വിമാനത്താവളം

by International | 24-06-2018 | 591 views

ദോഹ: സുരക്ഷിതമായ ഡേറ്റ കൈമാറ്റത്തിനായി ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ഹമദ് രാജ്യാന്തര വിമാനത്താവളം. ഉപഭോക്താവിന് മികച്ച അനുഭവം സമ്മാനിക്കുന്ന 'സ്മാര്‍ട്ട് എയര്‍പോര്‍ട്ട്' പരിപാടിയുടെ ഭാഗമായി യാത്രക്കാര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കാനായി റോബോട്ടിക്‌സ് ഉപയോഗപ്പെടുത്താനുമുള്ള പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഹമദ് വിമാനത്താവളം സി.ഒ.ഒ ബദ്ര്‍ മുഹമ്മദ് അല്‍മീര്‍ 'എയര്‍പോര്‍ട്ട് ബിസിനസ്' മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിമാനത്താവളത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തിനു വേണ്ടി ഓഗ്മെന്‍റഡ് റിയാലിറ്റിയും, വിര്‍ച്വല്‍ റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വിമാനത്തിനുള്ളിലെ വിനോദത്തിനു വേണ്ടി ചില എയര്‍ലൈനുകള്‍ നിലവില്‍ ഈ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വിമാനത്താവളത്തിനുള്ളിലെ ആവശ്യങ്ങള്‍ക്ക് ഇത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ചാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് അല്‍ മീര്‍ പറഞ്ഞു.

ഏറെ വൈകാതെ 62 സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌കുകളും ബാഗ് ഡ്രോപ് കിയോസ്‌കുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കും. ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച അനുഭവം യാത്രക്കാര്‍ക്കു സമ്മാനിക്കാനാണു ശ്രമിക്കുന്നത്. 'ഭാവിയിലെ വിമാനത്താവളം' എന്ന ലക്ഷ്യം നേടുന്നതിനാണു മുന്‍ഗണന. ഓട്ടമേറ്റഡായ നടപടി ക്രമങ്ങളും എല്ലായിടങ്ങളിലും സെല്‍ഫ് സര്‍വീസ് സേവനങ്ങളും യാത്രാ നീക്കം വളരെ വേഗത്തിലാക്കാന്‍ സഹായിക്കും. സിറ്റ, ഹുവാവി എന്നിവയുമായി സഹകരിച്ച് അത്യാധുനിക സാങ്കേതിക വിദ്യകളാണു വിമാനത്താവളം ആവിഷ്‌ക്കരിക്കുന്നത്. നാലു വ്യത്യസ്ത പോയിന്‍റുകളില്‍ ബയോമെട്രിക് അധിഷ്ഠിതമായ സെല്‍ഫ് സര്‍വീസ് നടപടിക്രമങ്ങള്‍ സിറ്റയുമായി സഹകരിച്ചു നടപ്പാക്കും.

ചെക്ക് ഇന്‍, ബാഗ് ഡ്രോപ്പ്, സെക്യൂരിറ്റി സ്‌ക്രീനിങ്, എയര്‍ക്രാഫ്റ്റ് ബോര്‍ഡിങ് എന്നിവിടങ്ങളില്‍ സെല്‍ഫ് സര്‍വീസ് സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കാനാണു പദ്ധതി. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ചു സുരക്ഷ ഉറപ്പു വരുത്താനും, അതേ സമയം യാത്രക്കാര്‍ക്കു സുഗമമായും വേഗത്തിലും സേവനങ്ങള്‍ നല്‍കാനും ഇതുവഴി സാധിക്കും. ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി), ഓട്ടോണമസ് യന്ത്രങ്ങള്‍ തുടങ്ങിയ നൂതനാശയങ്ങള്‍ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് അല്‍ മീര്‍ പറഞ്ഞു.

Lets socialize : Share via Whatsapp