ഷാര്‍ജയില്‍ പുതുക്കാന്‍ വൈകിയ വാഹനങ്ങള്‍ക്ക് പിഴ കൂടാതെ രജിസ്ട്രേഷന്‍ ചെയ്യാന്‍ സൗകര്യം

by Sharjah | 22-06-2018 | 1302 views

ഷാര്‍ജ: ഷാര്‍ജയില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയ വാഹന ഉടമകള്‍ക്ക് ആശ്വാസവുമായി അധികൃതര്‍. പിഴ കൂടാതെ വാഹന രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കാലാവധി പിന്നിട്ടാലും ഫൈന്‍ കൂടാതെ വാഹനം രജിസ്ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഷാര്‍ജ ലൈസന്‍സിങ് ആന്‍ഡ് രജിസ്ട്രേഷന്‍ വിഭാഗമാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ അഞ്ച് മുതല്‍ നവംബര്‍ ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തസ്ജീല്‍ വില്ലേജില്‍ നേരിട്ടെത്തി വേണം പുതുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും പുതുക്കല്‍ നടത്താവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.

തങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിയമവിരുദ്ധമായ ഡ്രൈവിംഗ് നടത്തുന്നത് ഒഴിവാക്കുവാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് വഴി ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനും ഷാര്‍ജ പൊലീസ് ഇത് വഴി ലക്ഷ്യമിടുന്നു. ആനുകൂല്യത്തിന് പുറമെ, ഈ കാലയളവില്‍ വാഹന രജിസ്ട്രേഷന്‍ നടത്തുന്നവരെ വിലപിടിപ്പുള്ള സമ്മാനങ്ങളും കാത്തിരിപ്പുണ്ട്. തന്നിരിക്കുന്ന സൗജന്യ സമയ പരിധിയില്‍ തന്നെ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നടത്തി നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചു.

Lets socialize : Share via Whatsapp