കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് എന്നും ആശ്വാസമായി പൊതുമാപ്പ്...ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ നാടണഞ്ഞത് 2003-ലെ പൊതുമാപ്പില്‍

by General | 22-06-2018 | 651 views

അബുദാബി: അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് ഇവിടെ താമസിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31-നുള്ളില്‍ തങ്ങളുടെ താമസരേഖകള്‍ നാമമാത്ര ഫീസ് നല്‍കി നിയമ വിധേയമാക്കുകയോ, നിയമ നടപടി കൂടാതെ രാജ്യം വിട്ടുപോവുകയോ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറീനേഴ്‌സ് ആന്‍ഡ് പോര്‍ട്‌സ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രി. സഈദ് റഖന്‍ അല്‍ റാഷിദി പറഞ്ഞു. താമസ രേഖകള്‍ നിയമവിധേയമാക്കി സ്വയം രക്ഷ ഉറപ്പാക്കൂ എന്ന പേരിലുള്ള പൊതുമാപ്പിന്‍റെ വിശദ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ഉടന്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ മടങ്ങുന്നവര്‍ക്ക് യുഎഇ-യിലേയ്ക്ക് തിരിച്ചുവരാനാകില്ലേ, എത്ര വര്‍ഷത്തെ യാത്രാ വിലക്കുണ്ടായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ അന്നായിരിക്കും പ്രഖ്യാപിക്കുക.

2013-ലായിരുന്നു ഇതിന് മുന്‍പ് യുഎഇ-യില്‍ പൊതുമാപ്പ് ഉണ്ടായിരുന്നത്. അതിന് ശേഷം, പാസ്‌പോര്‍ട്ടും പോലും നഷ്ടപ്പെട്ട് താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ അഞ്ച് വര്‍ഷത്തോളമായി കുടുങ്ങിക്കിടക്കുന്ന മലയാളി കുടുംബങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്ക് സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. മുന്‍പത്തെ പൊതുമാപ്പ് കാലാവധി രണ്ട് മാസമായിരുന്നെങ്കില്‍ ഇപ്രാവശ്യം ഒരു മാസം കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. പൊതുമാപ്പ് സംബന്ധിച്ച പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ ഏര്‍പ്പെടുത്തും.

യുഎഇ-യില്‍ മതിയായ താമസ രേഖകളില്ലാതെ വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്നവരില്‍ തൊഴിലാളികളടക്കം ബിസിനസുകാര്‍ പോലുമുണ്ട്. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉത്തരേന്ത്യയില്‍ നിന്നും മറ്റും കമ്പനികള്‍ തൊഴിലാളികളെ കൊണ്ടുവരുന്നത്. പലപ്പോഴും ലേബര്‍ സപ്ലൈ കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കാറ്. എന്നാല്‍, പലതരം വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് പറഞ്ഞ ശമ്പളം നല്‍കാറില്ല എന്നു മാത്രമല്ല, പലപ്പോഴും അതു പോലും മുടങ്ങുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് പലരും അവിടെ നിന്ന് പാസ്‌പോര്‍ട്ട് പോലും തിരിച്ചുവാങ്ങാതെ ഓടിപ്പോയി മറ്റു പല തൊഴിലും ചെയ്തു ജീവിക്കുന്നു. പിന്നീട്, നാട്ടില്‍ പോകാനാകാതെ വലയുകയാണിവര്‍. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തിലേറെയായി യുഎഇ-യില്‍ താമസിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഇവര്‍ക്ക് പൊതുമാപ്പ് വഴിയല്ലാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെങ്കില്‍ വന്‍ തുക പിഴ ഒടുക്കേണ്ടിവരുമായിരുന്നു.

ബിസിനസ് പൊളിഞ്ഞ് വിസ ഇല്ലാതെ വര്‍ഷങ്ങളായി യുഎഇ-യില്‍ കഴിയുന്നവരില്‍ മലയാളികളാണ് കൂടുതലും. പലരും കൃത്യമായി ജോലി ചെയ്യാനോ നാട്ടിലേയ്ക്ക് മടങ്ങാനോ കഴിയാതെ വട്ടച്ചെലവിന് തുക കണ്ടെത്തി കഴിഞ്ഞുകൂടുന്നു. കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടങ്ങിയ എത്രയോ കുടുംബങ്ങളെ ഇവിടെ കണ്ടുമുട്ടാകുന്നതാണ്. ഒടുവില്‍ ഇവര്‍ തങ്ങളുടെ കദന കഥയുമായി മാധ്യമങ്ങളെ സമീപിക്കുന്നു. ഇതുവഴി ചെറിയൊരു ശതമാനം പേര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനും സാധിച്ചിട്ടുണ്ട്. പൊതുമാപ്പ് വാര്‍ത്ത തങ്ങളെ ഏറെ സന്തോഷിപ്പിച്ചതായി ഷാര്‍ജയില്‍ ഇതുപോലെ അനധികൃതമായി കഴിയുന്ന മലയാളി കുടുംബം മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഓഗസ്റ്റ് ഒന്നാകാന്‍ വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണ്. ഇത്രയും കാലം ശ്വാസമടക്കിപ്പിടിച്ചാണ് കഴിഞ്ഞത് - അവര്‍ പറഞ്ഞു.

2003-ലെ പൊതുമാപ്പിലാണ് യുഎഇ-യില്‍ നിന്ന് ഏറ്റവുമധികം ഇന്ത്യക്കാര്‍ നാടണഞ്ഞത്. അന്ന് ലക്ഷക്കണക്കിന് പേര്‍ മടങ്ങിയതില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍ നിന്നും മറ്റുമുള്ള കെട്ടിട നിര്‍മാണ തൊഴിലാളികളായിരുന്നു. പലരും നാട്ടില്‍ നിന്ന് കടം വാങ്ങിയും ഭാര്യയുടെയും അമ്മയുടെയും സഹോദരിമാരുടെയുമൊക്കെ സ്വര്‍ണം പണയം വച്ചും വിറ്റും വിസയ്ക്ക് പണം നല്‍കിയാണ് ഇവിടെയെത്തിയിരുന്നത്. എന്നാല്‍, ഇവര്‍ക്ക് ലഭിച്ച ശമ്പളം പലപ്പോഴും വീട്ടുചെലവിന് പോലും മതിയാകുമായിരുന്നു. ഒടുവില്‍ ജോലി കരാര്‍ കാലാവധി കഴിയുമ്പോള്‍ ഒളിച്ചോടി മറ്റു പലയിടത്തും ജോലി ചെയ്തവരായിരുന്നു. ഇനിയൊരിക്കലും ഇത്തരത്തിലുള്ള വരവുണ്ടായിരിക്കില്ലെന്നും അബദ്ധം വീണ്ടും പറ്റില്ലെന്നും അവര്‍ അന്ന് പറയുകയുണ്ടായി. കേരളമായിരുന്നു പലരും പകരം തിരഞ്ഞെടുത്ത സംസ്ഥാനം.

2003-ലെ പൊതുമാപ്പ് കാലത്ത് അബുദാബി ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ച് ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കി. മലയാളിക്കൂട്ടങ്ങളടക്കം യുഎഇ-യിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ അഹോരാത്രമുള്ള പ്രയത്‌നം യാതൊരു പരാതിയുമില്ലാതെ പൊതുമാപ്പുകാരുടെ മടക്കയാത്ര സുഗമമാക്കി. ഇപ്രാവശ്യവും ഇതുപോലെ സംവിധാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Lets socialize : Share via Whatsapp