2022-ലെ ലോകകപ്പ് ഖത്തറിന്‍റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്ന് റിപ്പോര്‍ട്ട്

by Sports | 21-06-2018 | 885 views

ദോഹ: അടുത്ത ഫിഫ ലോകകപ്പ് ഖത്തറില്‍ മാത്രമല്ല ഗള്‍ഫ് മേഖലയിലെങ്ങും സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി (എസ്സി) സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ലോകകപ്പ് മല്‍സര വേദി ലഭിച്ച ശേഷം ഖത്തറില്‍ തൊഴിലാളി ക്ഷേമം ഉള്‍പ്പെടെ പലമേഖലകളിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യം, സുരക്ഷ, സംരക്ഷണം തുടങ്ങി ജനങ്ങളുടെ അന്തസ്സ് വരെ രാജ്യത്തെ ശക്തമാക്കുന്ന എല്ലാ ഘടകങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സര വേദി ലഭിച്ചതിനുശേഷം ഖത്തറിനായെന്ന് അല്‍ തവാദി പറഞ്ഞു. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 38-ാമത് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് സമാനതകളേക്കാള്‍ ഭിന്നതകളാണ് കൂടുതല്‍. സംസ്‌കാരം, രാഷ്ട്രീയം, സാമൂഹികാവസ്ഥകള്‍ തുടങ്ങി ഭിന്നതകള്‍ പലതാണ്. ഈ ഭിന്നതകള്‍ക്കിടയിലും കായിക മല്‍സരങ്ങള്‍ക്കു മനുഷ്യരെ ഒരുമിപ്പിക്കാന്‍ പ്രത്യേക ശേഷിയുണ്ട്.

2022-ലെ ഫിഫ ലോകകപ്പിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചതു മുതല്‍ കായിക മാമാങ്കങ്ങളുടെ ഈ ഏകീകരണ ശേഷി പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭിന്നസമൂഹങ്ങളെ ഇത്രമേല്‍ ഒന്നിപ്പിക്കാന്‍ ഫിഫ ലോകകപ്പ് പോലെ മറ്റൊരു മല്‍സരത്തിനും കഴിയില്ല. ഈ സാധ്യത പൂര്‍ണമായി ഉപയോഗപ്പെടുത്തി ഭാവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഗള്‍ഫ്, അറബ് മേഖലയിലെ ഭിന്നതകള്‍ക്കപ്പുറം ഒന്നിപ്പിച്ച ലോകകപ്പ് എന്ന രീതിയില്‍ 2022-ലെ മല്‍സര വേദി ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടണം എന്നതാണ് ഖത്തറിന്‍റെ ആഗ്രഹം. അല്‍ തവാദി പറഞ്ഞു. തുരുത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണ് ഫിഫ ലോകകപ്പിലൂടെ ഖത്തര്‍ പണിയുന്നത്.

അതു ഖത്തറിന് വേണ്ടി മാത്രമല്ല. മറിച്ച്, ഗള്‍ഫ്, അറബ് മേഖലകള്‍ക്ക് മൊത്തത്തിലാണ്. മേഖലയുടെ മികച്ച ഭാവി എന്നതാണ് ലക്ഷ്യം. മധ്യപൗരസ്ത്യ മേഖലയിലെ ആദ്യ ഫിഫ ലോകകപ്പാണ് ഖത്തറില്‍ 2022-ല്‍ അരങ്ങേറുക. ഈ ലോകകപ്പിന്‍റെ കാണികളില്‍ ബഹുഭൂരിപക്ഷവും ആദ്യമായാകും ഗള്‍ഫ്, അറബ് മേഖലയിലേക്കെത്തുക. ഇവിടത്തെ അനുഭവങ്ങളാവും മേഖലയെക്കുറിച്ച് അവരില്‍ ആദ്യധാരണ സൃഷ്ടിക്കുക. അറബ് മേഖലയെപ്പറ്റി ലോകത്തിന് ഇന്നുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കുക എന്നതിനാണ് ഖത്തര്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഹസന്‍ അല്‍ തവാദി പറഞ്ഞു.

Lets socialize : Share via Whatsapp