ലോകകപ്പ് ഫുട്ബോളില്‍ രാഷ്ട്രീയം കലര്‍ത്തുന്നു; ഖത്തര്‍ ചാനലിന്‍റെ സംപ്രേഷണാവകാശം എടുത്തു കളയണമെന്ന ആവശ്യവുമായി സൗദി

by Sports | 21-06-2018 | 666 views

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്‍റെ സംപ്രേഷണ വേളയില്‍ സൗദി അറേബ്യയെയും അതിന്‍റെ ഭരണാധികാരികളെയും മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സൗദി അറേബ്യ ഖത്തര്‍ ചാനലായ 'ബി ഇന്‍ സ്‌പോര്‍ട്' നെറ്റ് വര്‍ക്കിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കി. സൗദിയെ അപമാനിക്കാനാണ് ഖത്തര്‍ ചാനലായ 'ബി ഇന്‍ സ്‌പോര്‍ട്' നെറ്റ് വര്‍ക്ക് ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ ഉപയോഗിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം. മേഖലയിലെ ജനങ്ങളില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ചാനലിനെ ഉപയോഗിക്കുന്നതായും പരാതിയില്‍ പറയുന്നു.

സ്പോര്‍ട്സിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ഫിഫയുടെ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നും സംഘടന കുറ്റപ്പെടുത്തി. 'ബി ഇന്‍ സ്‌പോര്‍ട്' നെറ്റ് വര്‍ക്കിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാണ് സാഫിന്‍റെ ആവശ്യം. ഇതിന്‍റെ ഭാഗമായി മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം 'ബി ഇന്‍ സ്‌പോര്‍ട്' ചാനലില്‍ നിന്ന് എടുത്തുമാറ്റണം. ചാനല്‍ ഫിഫ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് നിരവധി അറബ് നേതാക്കള്‍ ഫിഫയെ സമീപിച്ചിട്ടുണ്ട്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണ സമയത്തും മത്സരത്തിന്‍റെ അവലോകന സമയങ്ങളിലും അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം. സ്പോര്‍ട്സ് വിത്തൗട്ട് പൊളിറ്റിക്സ് എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ കാമ്പയിനും സൗദി ആരംഭിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp