ബന്ധുക്കളെ കണ്ടെത്തിയില്ല...ദുബായില്‍ ജയില്‍ മോചിതനായിട്ടും ജയിലില്‍ തന്നെ കഴിഞ്ഞ് മലയാളി

by Dubai | 21-06-2018 | 679 views

ദുബായ്: ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും ബന്ധുക്കളെക്കുറിച്ചു വിവരം ലഭിക്കാത്തതിനെ തുടര്‍ന്നു തിരുവനന്തപുരം സ്വദേശി വാസുദേവ് മാധവപ്പണിക്കര്‍ (65) ദുബായ് ജയിലില്‍ തുടരുന്നു. അനധികൃത താമസക്കേസില്‍ പിടിയിലായി അല്‍ അവീര്‍ ജയിലില്‍ ഉള്ള അദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാസങ്ങളോളം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പനിവിളാകത്ത് പുത്തന്‍വീട്, പുല്ലവേല്‍, കരിംകുളം പി.ഒ, തിരുവനന്തപുരം എന്നാണ് പാസ്‌പോര്‍ട്ടിലെ വിലാസം. അമ്മ: ചെല്ലമ്മ. 30 വര്‍ഷം മുന്‍പ് യുഎഇ-യിലെത്തിയ വാസുദേവ് ഒരിക്കല്‍പോലും നാട്ടില്‍ പോയിട്ടില്ല. ശിക്ഷകഴിഞ്ഞു നാട്ടിലേക്കു കയറ്റി വിടുമ്പോള്‍ അവിടെയുള്ള ബന്ധുക്കളുടെ വിവരം അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തല്ല കുടുംബം താമസിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പുതിയ വിലാസത്തെക്കുറിച്ച് ഇദ്ദേഹത്തിന് നിശ്ചയമില്ലെന്ന് ദുബായ് കോണ്‍സല്‍ (ലേബര്‍) സുമതി വാസുദേവ് അറിയിച്ചു.

വിവാഹിതനാണെന്നു പറയുന്നുണ്ടെങ്കിലും ഭാര്യയെയോ മക്കളെയോ കുറിച്ചു വ്യക്തമാക്കുന്നില്ല. തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കും വാസുദേവിന്‍റെ ബന്ധുക്കളെ കണ്ടെത്താനായില്ല. പാസ്‌പോര്‍ട്ടിലെ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ പരിചയമുള്ളവര്‍ അപൂര്‍വം. അറിയുന്നവര്‍ പറയുന്നത് കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പേ മാറി താമസിച്ചെന്നാണ്. ഭാര്യ തളര്‍ന്നു കിടക്കുകയാണെന്നും രണ്ടുമക്കളുണ്ടെന്നും മറ്റും വിവരം ലഭിക്കുന്നുണ്ടെങ്കിലും അതിനും സ്ഥിരീകരണമില്ല. എന്നാണ് അറസ്റ്റിലായത് എന്നടക്കമുള്ള കാര്യങ്ങളിലും വ്യക്തതയില്ല.

Lets socialize : Share via Whatsapp