പൂക്കളുടെ ഭംഗി ആസ്വദിച്ച് ഇനി ഷാര്‍ജയിലെ യാത്ര...ഇത്തിഹാദ് റോഡ് പൂക്കള്‍ കൊണ്ടലങ്കരിക്കാന്‍ നഗരസഭ

by Sharjah | 20-06-2018 | 1016 views

ഷാര്‍ജ: ഇനി ഷാര്‍ജയിലെ യാത്ര പലതരം പൂക്കളുടെ ഭംഗി ആസ്വദിച്ചാവാം. വാഹന തിരക്കിന്‍റെ കാര്യത്തില്‍ യു.എ.ഇ-യിലെ പ്രധാന റോഡുകളുടെ മുന്‍നിരയില്‍ വരുന്ന അല്‍ ഇത്തിഹാദ് റോഡിന്‍റെ മധ്യഭാഗം നഗരസഭ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയും നിര്‍മിത ബുദ്ധിയും ഉപയോഗിച്ചാണ് പൂച്ചെടികള്‍ നട്ട് പിടിപ്പിക്കുക. നടല്‍ മുതല്‍ ജലവിതരണം വരെയുള്ള കാര്യങ്ങളില്‍ ആധുനിക കൃഷി രീതിയാണ് അവലംബിക്കുകയെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം പറഞ്ഞു. ദുബൈ അതിര്‍ത്തി മുതല്‍ ആയിര കണക്കിന് പൂക്കളായിരിക്കും അഴക് വിരിക്കുക.

കാര്‍ഷിക ഗവേഷണത്തില്‍ ഡോക്ടറേറ്റുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ കാഴ്ച്ചപാടുകളും നിര്‍ദേശങ്ങളും അനുസരിച്ചാണ് പൂക്കാലം തീര്‍ക്കുന്നത്. പൂക്കള്‍ക്കിടയില്‍ തണല്‍ വിരിക്കാന്‍ മരങ്ങളും ഉണ്ടാകും. നഗരസഭ ഇപ്പോള്‍ ആധുനിക ടെക്‌നോളജികളെ ആശ്രയിക്കുകയും എല്ലാ മേഖലകളിലും കൃത്രിമ ബുദ്ധി വികസിപ്പിക്കുകയും ജലസേചന, കാര്‍ഷിക രംഗത്തെ നൂതന രീതികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

മലിനജല ശുദ്ധീകരണ രംഗത്തും നിര്‍മാര്‍ജന രംഗത്തും ഇതേ രീതി തന്നെയാണ് അവലംഭിക്കുന്നതെന്ന് നഗരസഭ ഡയറക്ടര്‍ താബിത് സലീം അല്‍ തരീഫി പറഞ്ഞു. രണ്ട് കിലോമീറ്റര്‍ ദൂരത്തിലായിരിക്കും അലങ്കാര ചെടികള്‍ നട്ട് പിടിപ്പിക്കുക. ജൈവവളങ്ങളും ജൈവീക കൃഷി രീതിയുമാണ് പിന്തുടരുക. ഇതിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Lets socialize : Share via Whatsapp