വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇ-യില്‍ തുടരുന്ന വിദേശികള്‍ക്ക് ആശ്വാസവാര്‍ത്ത...പൊതുമാപ്പ് ഉടന്‍ പ്രഖ്യാപിക്കാന്‍ തീരുമാനം

by International | 19-06-2018 | 548 views

യു എ ഇ: വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇ-യില്‍ തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നല്‍കിയത്. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇ-യില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള അവസരം വിദേശികള്‍ക്ക് നല്‍കുമെന്ന് എഫ് എ ഐസി ചെയര്‍മാന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മാദ് അല്‍ ശാംസി പറഞ്ഞു.

അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടിവരില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ' എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുന്നത്.

2013-ല്‍ രണ്ട് മാസം നീണ്ട പൊതുമാപ്പ് കാലയളവ് 62,000 പേരാണ് പ്രയോജനപ്പെടുത്തിയത്. വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണ് പൊതുമാപ്പും നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിദ്റകാന്‍ അല്‍ റാശ്ദി പറഞ്ഞു. ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp