മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുതെന്ന് യുഎഇ-യുടെ നിര്‍ദ്ദേശം

by Business | 19-06-2018 | 677 views

യു എ ഇ : യു എ ഇ-യില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുതെന്ന് നിര്‍ദേശം. ജൂണ്‍ 28-നകം റിട്ടേണ്‍ സമര്‍പ്പിക്കാനാണ് ഫെഡറല്‍ നികുതി അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മെയ് 31-ന് നികുതി കാലയളവ് പൂര്‍ത്തിയായ, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന്‍ നടത്തിയ ബിസിനസുകാര്‍ ജൂണ്‍ 28-ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി അടക്കുകയും ചെയ്യണം. ഫെഡറല്‍ നികുതി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാറ്റ് നിയമ പ്രകാരം ഓരോ മാസവും 28-ാം തീയതിയോടെ നികുതി റിട്ടേണുകള്‍ എഫ്.ടി.എ-ക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

റിട്ടേണ്‍ സമര്‍പ്പണവും നികുതി അടക്കലും നിയമപരമായ ബാധ്യതയാണെന്ന് എഫ്.ടി.എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി ആല്‍ ബുസ്താനി പറഞ്ഞു. നികുതി കാലയളവ്, റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതി അടക്കാനുമുള്ള അവസാന തീയതി എന്നിവ ബിസിനസുകാര്‍ പരിശോധിക്കണം. ഇലക്ട്രോണിക്സ് സംവിധാനം മുഖേന കൃത്യമായ നികുതി അടക്കാന്‍ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp