കളിയാരവത്തില്‍ ഖത്തര്‍...ലോകകപ്പ് ഫുട്‌ബോള്‍ ഫാന്‍ സോണുകളില്‍ വന്‍ തിരക്ക്

by Sports | 17-06-2018 | 863 views

ദോഹ: റഷ്യയില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം കാണുന്നതിനു ഖത്തറില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ ഫാന്‍ സോണുകളിലെത്തുന്നത് ആയിരങ്ങള്‍. 2022-ലെ ഫിഫ മല്‍സരവേദി കൂടിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനിലെ ഫാന്‍ സോണില്‍ 2500 ഇരിപ്പിടങ്ങളാണ് സജ്ജമാക്കിയത്. കൂറ്റന്‍ എല്‍സിഡി സ്‌ക്രീനാണ് കളികാണാനായി ഇവിടെയുള്ളത്.

കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിച്ചത് ഇറാന്‍-മൊറോക്കോ മല്‍സരമായിരുന്നു. ഖത്തറിലെ മൊറോക്കന്‍ പ്രവാസികളായിരുന്നു കളികാണാന്‍ എത്തിയവരേറെയും. സാധാരക്കാര്‍ മാത്രമല്ല, ഉന്നതോദ്യോഗസ്ഥരും വിവിധ വിദേശ നയതന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം കളികാണാന്‍ എത്തുന്നുണ്ട്. കടുത്ത ചൂടാണെങ്കിലും ഏറ്റവും ആധുനികമായ ശിതീകരണ സംവിധാനം ഒരുക്കിയതിനാല്‍ ഫാന്‍ സോണില്‍ സുഖമായിരുന്നു കളി കാണാം.

ഭക്ഷണ പാനീയങ്ങള്‍ക്കായി പ്രത്യേക സ്റ്റാളുകള്‍ സമീപത്ത് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കളിസ്ഥലം, സൗകര്യപ്രദമായ കാര്‍ പാര്‍ക്കിങ് തുടങ്ങിയവയും ആസ്പയര്‍ ഫൗണ്ടേഷനിലെ ഫാന്‍സോണിന്റെ സവിശേഷതകളാണ്. വിവിധ തരം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സീറ്റിന് 15 റിയാലും മജ്ലിസിന് 600 റിയാലും ആണ് നിരക്ക്. ആരാധകരുടെ ആരവങ്ങളില്‍ നിന്നകന്ന് പരമാവധി സ്വകാര്യതയില്‍ കളി ആസ്വദിക്കാന്‍ സ്‌കൈ ബോക്സുണ്ട്. ഇതിന് 2000 റിയാലാണ് ഫീസ്. ക്യുടിക്കറ്റ്സിലൂടെ ഓണ്‍ലൈനായും സ്റ്റേഡിയത്തിന്റെ പ്രധാനകവാടത്തിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം.

യാത്രക്കാര്‍ക്ക് മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ഫാന്‍ സോണ്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഗെയിമുകളിലും വിനോദ പരിപാടികളിലും പങ്കാളികളാകാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ടൂറിസം അതോറിറ്റി, സാംസ്‌കാരിക കായിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയിലും ഖത്തര്‍ ഫാന്‍ സോണ്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പ്രവേശനം സൗജന്യമാണ്.

ലോകകപ്പ് അവസാനിക്കുന്ന ജൂലൈ 15 വരെയാണ് ഫാന്‍സോണുകള്‍ പ്രവര്‍ത്തിക്കുക. മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനു പുറമെ വിനോദ, സംഗീത പരിപാടികളും മല്‍സരങ്ങളും ഖത്തര്‍ ഫാന്‍ സോണിലും അരങ്ങേറുന്നുണ്ട്. 40 ഭക്ഷ്യശാലകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ കത്താറയിലും ഫാന്‍ സോണുണ്ട്. അടുത്ത ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുന്നതിനാല്‍ അതേ ആഘോഷാന്തരീക്ഷം സൃഷ്ടിക്കാനാണ് ഫാന്‍ സോണുകള്‍ ഒരുക്കിയിരിക്കുന്നത്. ഖത്തറില്‍ ഫിഫ ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി, ഖത്തര്‍ ടൂറിസം അതോറിറ്റി, ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയം എന്നിവ ചേര്‍ന്നാണ് ഫാന്‍ സോണ്‍ ഒരുക്കിയിരിക്കുന്നത്.

Lets socialize : Share via Whatsapp