.jpg)
ദൈദ്: പെരുന്നാളാഘോഷിക്കാന്‍ ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ ഷാര്‍ജ ദൈദില്‍ അപകടത്തില്‍പ്പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്ഫാത്തിമ ദമ്പതികളുടെ മകന് ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്.
ഇന്നലെ(ശനി) വൈകിട്ട് അഞ്ചിന് രണ്ട് കാറുകളിലായി സുഹൃത്തുക്കള്‍ മടങ്ങുമ്പോള്‍ ഹാത്തിബ് സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുന്‍പ് യുഎഇയിലെത്തിയ ഹാത്തിബ് ഷാര്‍ജയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ഹാരിസ് യുഎഇയില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: ഹിഷാന, ഖദീജ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.