സൗദിയില്‍ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവമായി

by Travel | 17-06-2018 | 746 views

സൗദി: സൗദിയില്‍ വാഹനവുമായി റോഡിലിറങ്ങാന്‍ ഒരാഴ്ചയുള്ളപ്പോള്‍ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവമായി. ജൂണ്‍ 24-ന് വാഹനം റോഡിലിറക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണിവര്‍. പിന്തുണയുമായി രാജ്യത്തെ പുരുഷ സമൂഹവും രംഗത്തുണ്ട്. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ അന്വേഷിക്കുന്നത്. ജോലി സൗകര്യത്തിനാണ് പലരും സ്വന്തം വാഹനം വാങ്ങുന്നത്. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. തിരക്കേറെയുള്ള റിയാദില്‍ ഡ്രൈവിങ് അനുവദിക്കാന്‍ അല്‍പ സമയം കാത്തിരിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവരുണ്ട്.

വനിതകള്‍ക്ക് വാഹന ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ് പ്രകാരമാണ്. ഈ മാസം 24-നാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാമെന്നുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം നടപ്പിലാക്കാന്‍ ആഭ്യന്തര, ധന, തൊഴില്‍, സാമൂഹിക കാര്യവകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നത തല സമിതിയും രൂപീകരിച്ചിരുന്നു.

സൗദിയിലെ വനിതകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇരുചക്രവാഹനങ്ങളും, ട്രക്കുകളും ഓടിക്കാനുള്ള ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. സൗദി ട്രാഫിക് ജനറല്‍ ഡിപാര്‍ട്ട്മെന്‍റാണ് വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് നിലവിലുള്ളവര്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നുള്ള ഇളവും വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമെ സ്ത്രീകള്‍ക്കും ഉണ്ടാവുകയുള്ളു. ലൈസന്‍സ് ലഭിക്കുന്നതിന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും.

Lets socialize : Share via Whatsapp