പെരുന്നാളിന് ദുബായ് ബീച്ചുകളില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക...

by Entertainment | 14-06-2018 | 861 views

ദുബായ്: പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സന്ദര്‍ശക പ്രവാഹം കൂടുന്ന പശ്ചാത്തലത്തില്‍ ബീച്ചുകളില്‍ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് ദുബായ് മുനിസിപാലിറ്റി അറിയിച്ചു. സൂചനാ ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കും. ദുബായിലെ എല്ലാ പൊതു ബീച്ചുകളിലും സുരക്ഷാ ജീവനക്കാരെ വിന്യസിക്കുകയും തീരദേശ സന്ദര്‍ശകരുടെ സുരക്ഷ നിലനിര്‍ത്താന്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യും.

ഉമ്മു സുഖീം 1 ബീച്ച് ഒഴികെയുള്ള ബീച്ചുകളില്‍ പകല്‍ സമയത്ത് മാത്രമേ നീന്താന്‍ പാടുള്ളൂ. ഉമ്മു സുഖീമില്‍ അര്‍ധരാത്രിവരെ നീന്താന്‍ അനുവദിക്കും. എന്നാല്‍, തീരദേശ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തില്‍ മാത്രമേ എല്ലായിടത്തും നീന്തല്‍ അനുവദിക്കുകയുള്ളൂ. എമിറേറ്റിലെ പൊതു ബീച്ചുകളില്‍ ഒന്‍പത് പ്രധാന റെസ്‌ക്യൂ പ്ലാറ്റ്‌ഫോമുകളും 21 സബ്-റെസ്‌ക്യൂ പ്ലാറ്റ്‌ഫോമുകളുമുണ്ട്. 100 ലൈഫ് ഗാര്‍ഡുകള്‍, പരിശീലകര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ സംയോജിത രക്ഷാസംവിധാനവും മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 100-ലേറെ രക്ഷാ സ്ലൈഡുകള്‍, ലൈഫ് ജാക്കറ്റുകള്‍, മറൈന്‍ റെസ്‌ക്യൂ റോബോട്ടുകളും ഉള്‍പ്പെടുന്നു. ഇതുകൂടാതെ, വിവിധ കപ്പല്‍ മാര്‍ഗങ്ങളും അഞ്ച് കടല്‍ ബൈക്കുകള്‍, 10 ബീച്ച് ബൈക്കുകള്‍ എന്നിവയുമുള്‍പ്പെടെ നല്‍കിയിട്ടുണ്ട്.

ഹൃദയമിടിപ്പിനുള്ള ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പ്രാഥമിക രക്ഷാപ്രവര്‍ത്തനത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലേക്ക് പെട്ടെന്ന് പ്രതികരിക്കുന്നതിന് എല്ലാ ജീവനക്കാരും തമ്മിലുള്ള ആശയവിനിമയ സാമഗ്രികളും ലഭ്യമാണ്.

Lets socialize : Share via Whatsapp