
അജ്മാന് : പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് വേണ്ടി പുതുതായി ആരംഭിച്ച ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ചാര്‍ജിംഗ് സേവനമൊരുക്കി ഫെഡറല്‍ വൈദ്യുതി ജല അതോറിറ്റി (ഫേവ) രംഗത്ത്. രണ്ട് മാസ കാലയളവിലാണ് ഈ സൗജന്യ സംവിധാനം ഒരുക്കിയിട്ടുള്ളത്.
പ്രധാനപ്പെട്ട മാളുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏതാനും സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങളിലും ഇവ സ്ഥാപിക്കുന്നതായിരിക്കും. വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനും ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത്തരത്തിലുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സഹായകമാകുമെന്ന് ഫേവ ആക്ടിംഗ് ഡയരക്ടര്‍ അദ്നാന് നസീബ് സാലം പറഞ്ഞു. ഒമ്പത് ദിര്‍ഹം നിരക്കില്‍ കാര്‍ ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ യാത്ര ചെയ്യാനാകും. ഇത്തരത്തില്‍ 15 മിനിട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനുള്ള അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഹൈവേകളിലും പെട്രോള്‍ സ്റ്റേഷനുകളിലും രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.