സ്മാര്‍ട്ട് സംവിധാനത്തിന്‍റെ കരുത്തില്‍ യുഎഇ; മൂന്ന് വര്‍ഷം കൊണ്ട് യുഎഇ ലാഭിച്ചത് 800 കോടി ദിര്‍ഹം

by Business | 13-06-2018 | 759 views

അബുദാബി: 'സ്മാര്‍ട്' ആയ യുഎഇ മൂന്നു വര്‍ഷം കൊണ്ടു ലാഭിച്ചത് 800 കോടി ദിര്‍ഹം (ഏകദേശം 14,700 കോടി രൂപ). വിവിധ സേവനങ്ങള്‍ക്കുള്ള സമയ നഷ്ടവും കടലാസ് ഇടപാടുകളും പഴങ്കഥയായി. വന്‍തോതില്‍ കാര്‍ബണ്‍ മലിനീകരണം ഒഴിവാക്കാനായതാണു മറ്റൊരു നേട്ടമെന്നും ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ) വ്യക്തമാക്കി. 35 ഫെഡറല്‍ ഡിപാര്‍ട്‌മെന്‍റുകളിലെ 2015 മുതല്‍ 2017 വരെയുള്ള 319 സേവനങ്ങളാണ് പഠനവിധേയമാക്കിയത്. ഈ കാലയളവില്‍ മൂന്നുകോടി ഇ-ഇടപാടുകള്‍ നടന്നു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനൊപ്പം വിവിധ വകുപ്പുകളിലെ 5,800-ല്‍ ഏറെ തസ്തികകള്‍ ഒഴിവാക്കാനും സാധിച്ചു. സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ആയതോടെ സമയവും പണവും ലാഭിക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുന്നു. അപേക്ഷ നല്‍കുന്നതുമുതലുള്ള സമയനഷ്ടം ഒഴിവാക്കാനാകുമെന്നതിനു പുറമെ കടലാസ് ഇടപാടുകള്‍ പരമാവധി കുറയ്ക്കാനും കഴിയും. സ്മാര്‍ട് ഗവണ്‍മെന്‍റ് പദ്ധതികള്‍ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ വന്‍നേട്ടമുണ്ടാക്കിയതായി ടിആര്‍എ ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു.

നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതിക മികവുകള്‍ രാജ്യം ഏറ്റവും ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിവരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍ തലത്തിലേക്കു മാറിയത് നടപടിക്രമങ്ങളുടെ ആയാസം കുറയ്ക്കാന്‍ സഹായകമായതായും ചൂണ്ടിക്കാട്ടി. ആശ്വാസം, ടണ്‍ കണക്കിന് ഇ-സേവനങ്ങളിലേക്ക് രാജ്യം മാറിയതോടെ മൂന്നുവര്‍ഷം കൊണ്ട് ഒഴിവാക്കാനായത് 3.77 ലക്ഷം ടണ്‍ കാര്‍ബണ്‍ മലിനീകരണം. ഓരോ വര്‍ഷവും 19,000 മരങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞു.

2021 ആകുമ്പോഴേക്കും ഡിജിറ്റല്‍ രംഗത്ത് യുഎഇ ലോകത്തിന്‍റെ മുന്‍നിരയിലാകും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ സംവിധാനം വിവിധ എമിറേറ്റുകളില്‍ നടപ്പാക്കിയിട്ടുണ്ട്. രേഖകളുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സുതാര്യവും സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇ-ഗവണ്‍മെന്‍റ് ഡിപാര്‍ട്മെന്‍റിന്‍റെ പദ്ധതി.

Lets socialize : Share via Whatsapp