ബഹിരാകാശ രംഗത്ത് മുന്നേറാന്‍ ഇന്ത്യ-യുഎഇ കൂട്ടുകെട്ട്

by International | 13-06-2018 | 636 views

മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള ബഹിരാകാശ സഹകരണക്കരാറിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ഉയരങ്ങളില്‍ പുതിയൊരു ജൈത്രയാത്രയ്ക്കു തുടക്കമാകുന്നു. സാങ്കേതിക, സുരക്ഷാ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ബഹിരാകാശ പദ്ധതികള്‍ ഉപയോഗപ്പെടുത്താനുള്ള കരാറിനാണ് അംഗീകാരം.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാന്‍ സന്ദര്‍ശനവേളയിലാണ് ധാരണാപത്രം ഒപ്പിട്ടത്. മേഖലയില്‍ ഈ രംഗത്ത് യുഎഇ-യുമായും ഇന്ത്യയ്ക്ക് തന്ത്രപ്രധാന സഹകരണമുണ്ട്. ബഹിരാകാശ-ജ്യോതിശ്ശാസ്ത്ര പഠന ഗവേഷണം, റിമോട് സെന്‍സിങ്, നാവിഗേഷന്‍, ഉപഗ്രഹ നിര്‍മാണം, ഉപഗ്രഹ നിയന്ത്രണ സ്റ്റേഷനുകള്‍ എന്നീ മേഖലകളിലും സഹകരണമുണ്ടാകും. ഒമാന്‍റെ ഗവേഷണ പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒ എല്ലാവിധ സഹായവും ലഭ്യമാക്കും. ഐഎസ്ആര്‍ഒ-യുടെയും ഒമാന്‍ മന്ത്രാലയത്തിന്‍റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തക സമിതി രൂപവല്‍കരിക്കും. ഭാവി പദ്ധതികള്‍ക്കു രൂപം നല്‍കുന്നത് ഈ സമിതിയായിരിക്കും. 2011-ല്‍ ഒമാന്‍ സംഘം ഐഎസ്ആര്‍ഒ-യിലെത്തി സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 2016-ലാണ് ഐഎസ്ആര്‍ഒ-യുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്ത്യയെ അറിയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിനിടെ ധാരണാപത്രത്തില്‍ ഒപ്പിടുകയായിരുന്നു.

ബഹിരാകാശ രംഗത്ത് യുഎഇ-യുമായും ഇന്ത്യ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിനോടകം സംയുക്തപദ്ധതികള്‍ക്കു തുടക്കമിട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ യുഎഇ-യുടെ നായിഫ്-1 ഉള്‍പ്പെടെ 104 ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഷാര്‍ജ (എയുഎസ്) യില്‍ നിന്നു ബിരുദം നേടിയ സ്വദേശി എന്‍ജിനീയര്‍മാര്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ വികസിപ്പിച്ച ഉപഗ്രഹമാണിത്.

Lets socialize : Share via Whatsapp