ഒമാനിലെ മേകുനു ചുഴലിക്കാറ്റ്...കാണാതായ തലശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

by International | 13-06-2018 | 520 views

മസ്‌കത്ത്: സലാലയില്‍ മേകുനു കൊടുങ്കാറ്റില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി മധുവിന്‍റെ മൃതദേഹമാണ് റയ്സൂത്തിലെ വാദിയില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് കണ്ടെടുത്തത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെ അധികൃതര്‍ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുകയായിരുന്നു. മധുവിനെ കാണാതായ വാദിയില്‍ നിന്നു തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മേകുനുവില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

മേയ് 28-നാണ് മധുവിനെ കാണാനില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചത്. ഇതിനിടെ മധുവിനൊപ്പം കാണാതായ ബീഹാര്‍ സ്വദേശി ശംസീറിന്‍റെ മൃതദേഹം അടുത്ത ദിവസം തന്നെ കടല്‍ തീരത്ത് നിന്ന് കാണാതിയിരുന്നു. മധുവിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസവും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. വാദിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മധുവും ശംസീറും വാദിയിലെ ഒഴുക്കില്‍ പെടുന്നത്.

മേകുനു രക്ഷാ പ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമാനി യുവാവ് ഹസ്സന്‍ അല്‍ മഹ്രിയും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. മെയ് 28ാം തിയതി പെയ്ത ശക്തമായ മഴയില്‍ ഒലിച്ചുപോയ രണ്ട് വാഹനങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഹസ്സന്‍ അല്‍ മഹ്രിക്ക് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയായിരുന്നു.

Lets socialize : Share via Whatsapp