മാതാവിന് ഉംറ വിസ നല്‍കാമെന്ന് പറഞ്ഞ് വന്‍തുക കൈപ്പറ്റി...പണം തിരികെ ചോദിച്ച യുവാവിന്‍റെ മൃതദേഹം മരുഭൂമിയില്‍ കുഴിച്ചു മൂടി

by Sharjah | 12-06-2018 | 891 views

ഷാര്‍ജ : ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നതിനായി ഉംറ വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി രണ്ട് ഏഷ്യന്‍ യുവാക്കള്‍ മറ്റൊരു യുവാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി. മൂന്നാമനായ യുവാവിന്‍റെ മാതാവിന് ഹജ്ജ് അനുഷ്ടിക്കുന്നതിനായി ഉമ്ര വിസ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി യുവാവില്‍ നിന്ന് വലിയൊരു തുക പണവും കൈപ്പറ്റി. ഇതിനു ശേഷം രണ്ട് ഏഷ്യന്‍ യുവാക്കള്‍ ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദ്ദേഹം മരുഭൂമിയില്‍ കുഴിച്ചിടുകയും ചെയ്തു.

2016-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏഷ്യന്‍ യുവാക്കള്‍ മൂന്നാമനായ യുവാവിന്‍റെ അമ്മയ്ക്ക് ഉംറ തീര്‍ത്ഥാടനത്തിനുള്ള വിസ നല്‍കാമെന്നേല്‍ക്കുകയും ഇതിനായി യുവാവില്‍ നിന്ന് വന്‍തുക കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഏഷ്യന്‍ യുവാക്കളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിസ ശരിയായി എന്നാണ് അറിയിച്ചത്. എന്നാല്‍ യുവാവ് തന്‍റെ മാതാവിനേയും കൊണ്ട് വിമാനത്താവളത്തിലെത്തിയപ്പോള്‍ അധികൃതര്‍ ഇവരെ തടഞ്ഞുവെക്കുകയും. യുവാവിന്‍റെ മാതാവിന്‍റെ പേരില്‍ വിസ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ഇതില്‍ ക്ഷുഭിതനായ യുവാവ് യുവാക്കളെ തേടി ചെല്ലുകയും അവിടെ വാക്ക് തര്‍ക്കം നടക്കുകയും ചെയ്തു. ഒടുവില്‍ ഏഷ്യന്‍ യുവാക്കള്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹം ഷാര്‍ജയിലെ സ്യൂഹ് പ്രദേശത്തെ മരുഭൂമിയില്‍ കുഴിച്ചിട്ടു. ഇതിനിടെ യുവാവിന്‍റെ വീട്ടുകാര്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. കാണാതായ യുവാവിനെ അന്വേഷിക്കുന്നതിനിടെ അറബ് പൗരന്‍ മരുഭൂമിയില്‍ മൃതദേഹം കണ്ടതായി പൊലീസില്‍ അറിയിച്ചു. ഇതേ തുടര്‍ന്നുള്ള അന്വേഷണം ഒടുവില്‍ ഏഷ്യന്‍ യുവാക്കളില്‍ എത്തുകയായിരുന്നു.

Lets socialize : Share via Whatsapp