2022-ലെ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍; എജ്യുക്കേഷന്‍ സിറ്റിയിലെ സ്റ്റേഡിയ നിര്‍മാണം അവസാന ഘട്ടത്തില്‍

by Sports | 12-06-2018 | 921 views

ദോഹ: ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള എജ്യുക്കേഷന്‍ സിറ്റിയിലെ ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ദ്രുതഗതിയില്‍. വി ആകൃതിയിലുള്ള 44 ഉരുക്കു സ്തംഭങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. മുഖ്യഭിത്തികളുടെയും കോളങ്ങളുടെയും നിര്‍മാണവും പൂര്‍ത്തിയായതായും ഫിഫ സ്റ്റേഡിയങ്ങളുടെ നിര്‍മാണചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.

സ്ലാബുകള്‍, കോണ്‍ക്രീറ്റ് റാക്കര്‍ ബീമുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ഉടന്‍ തുടങ്ങുമെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം പ്രൊജക്ട് മാനേജര്‍ ഈദ് ഹമദ് അല്‍ കഹ്താനി പറഞ്ഞു. ഇസ്ലാമിക വാസ്തുവിദ്യയും ആധുനിക ആര്‍ക്കിടെക്ചര്‍ സാങ്കേതികതയും സമന്വയിപ്പിച്ചാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മരുഭൂമിയിലെ വജ്രംപോലെയാണ് സ്റ്റേഡിയം ദൂരക്കാഴ്ചയില്‍ തോന്നിക്കുക. പാരമ്പര്യം കാത്തുസൂക്ഷിച്ച്, ഖത്തറിനെ വിജ്ഞാനാധിഷ്ഠിതമായ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഖത്തര്‍ ഫൗണ്ടേഷന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം സ്റ്റേഡിയത്തിന്‍റെ രൂപകല്‍പനയിലും പ്രതിഫലിപ്പിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. 40,000 സീറ്റാണ് സ്റ്റേഡിയത്തില്‍ ഉണ്ടാവുക. ലോകകപ്പ് കഴിഞ്ഞാല്‍ സീറ്റുകള്‍ 25,000 ആക്കും. 15,000 സീറ്റുകള്‍ കായികമേഖലയില്‍ മികവു കാട്ടുന്ന രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യും.

Lets socialize : Share via Whatsapp