റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറില്‍ 'ഫാന്‍ സോണ്‍'...

by Sports | 12-06-2018 | 915 views

ദോഹ: റഷ്യയില്‍ 14-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം കാണാന്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഫാന്‍ സോണ്‍ സജ്ജീകരിക്കുന്നു. 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ മല്‍സര വേദികളിലൊന്നാണ് ഖലീഫ സ്റ്റേഡിയം. ഖത്തറില്‍ ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കിയ ഫിഫ സ്റ്റേഡിയവും ഇതാണ്. രാജ്യത്തെ ഏറ്റവുംവലിയ ഫാന്‍ സോണ്‍ ആണിവിടെ സജ്ജമാക്കുന്നതെന്ന് ആസ്പയര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. 1,000 പേര്‍ക്ക് ഇരുന്നു കളി കാണാം. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും വിപുലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ഭക്ഷ്യ, പാനീയ ശാലകളും ഉണ്ടാവും. ഖത്തറിലെ ഫുട്ബോള്‍ പ്രേമികളിലേക്ക് 2022-ലെ ഫിഫ മല്‍സരത്തിന്‍റെ ആവേശം ഇപ്പോഴേ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാന്‍ സോണ്‍ സജ്ജീകരിക്കുന്നതെന്ന് ആസ്പയര്‍ ഫൗണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ നാസര്‍ അബ്ദുല്ല അല്‍ ഹാജിരി പറഞ്ഞു.

ഖലീഫ സ്റ്റേഡിയത്തിലെ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നേരില്‍ മനസ്സിലാക്കാനും ഫാന്‍ സോണില്‍ എത്തുന്നവര്‍ക്കാവും. ഫാന്‍ സോണിലേക്കുള്ള പ്രവേശന ടിക്കറ്റ് എവിടെനിന്നു ലഭിക്കുമെന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അല്‍ ഹാജിരി പറഞ്ഞു. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത വേനല്‍ച്ചൂടില്‍ പ്രത്യേക ശീതീകരണ സംവിധാനം ഒരുക്കിയ തുറന്ന മൈതാനങ്ങളാണ് ഫാന്‍ സോണുകള്‍. ബ്രസീലില്‍ 2014-ല്‍ നടന്ന ഫിഫ ഫുട്ബോള്‍ മല്‍സരങ്ങള്‍ വലിയ എല്‍.സി.ഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഖത്തര്‍ ആദ്യ ഫാന്‍ സോണ്‍ സജ്ജമാക്കിയത്. പ്രതിദിനം 1,500 പേരാണ് അന്നു കളികണ്ടത്. ഫുട്ബോള്‍ പ്രേമികള്‍ ഒരുമിക്കുന്ന ഇടം, കൂറ്റന്‍ ഫാനുകള്‍ ഉപയോഗിച്ചു ശീതീകരിക്കുന്ന സ്ഥലം എന്നീ നിലകളില്‍ ഫാന്‍ സോണ്‍ എന്ന പേര് ഏറെ അര്‍ഥവത്താണ്. ഖത്തറിലെ ആദ്യ ഫാന്‍ സോണ്‍ സജ്ജീകരിച്ചതും ആസ്പയര്‍ ഫൗണ്ടേഷനായിരുന്നു.

Lets socialize : Share via Whatsapp