സൗദി ഫുട്ബോള്‍ ടീം റഷ്യയില്‍.........

by Sports | 11-06-2018 | 826 views

ജിദ്ദ: ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗദി അറേബ്യയ്ക്കും വളരെ പ്രിയപ്പെട്ടതാണ്. 1 വര്‍ഷത്തിന് ശേഷം ഇക്കുറി ലോകകപ്പില്‍ സൗദിയും മാറ്റുരയ്ക്കുന്നു. ഫുട്‌ബോള്‍ ലോകകപ്പിനായി സൗദി അറേബ്യയുടെ ദേശീയ ടീം റഷ്യയിലെത്തി. ചരിത്രത്തില്‍ സൗദിയുടെ വലിയ നേട്ടമായ 1994 ലെ രണ്ടാം റൗണ്ട് പ്രവേശമെന്ന റെക്കോഡ് മറികടക്കുമെന്ന പ്രതിജ്ഞയുമായാണ് ടീം സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ റഷ്യയിലെ സൗദി അംബാസഡര്‍ ഡോ. റഈദ് ബിന്‍ ഖാലിദ് ഖിംലിയും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളും ടീമിനെ സ്വീകരിച്ചു. പിന്നാലെ ദേശീയ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ 'ഞങ്ങളിതാ എത്തി' എത്തിയെന്ന പ്രഖ്യാപനവുമുണ്ടായി.

12 വര്‍ഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ ടീമിന്‍റെ യാത്രയ്ക്കായി സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ ഏറ്റവും പുതിയ വിമാനമാണ് ഒരുക്കിയത്. സൗദി ഫുട്ബാള്‍ ടീമിന്‍റെ വിളിപ്പേരായ 'ഗ്രീന്‍ ഫാല്‍ക്കണി'നെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പ്രത്യേകം അലങ്കരിച്ചതാണ് വിമാനം. റഷ്യയിലേക്ക് പുറപ്പെടും മുമ്പ് ടീം അംഗങ്ങളും സൗദിയയുടെ പ്രത്യേക ജീവനക്കാരും വിമാനത്തിന് മുന്നില്‍ നിന്ന് ഫോേട്ടാക്ക് പോസ് ചെയ്യുകയും ചെയ്തു.

ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ സൗദി അറേബ്യ കളത്തിലിറങ്ങുന്നുണ്ട്. ഇതാദ്യമായാണ് ഒരു അറബ് ടീം ഉദ്ഘാടന മത്സരം കളിക്കുന്നത്. മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച റഷ്യയോടാണ് കളി. കളി കാണാന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും എത്തുന്നുണ്ട്. ഗ്രൂപ്പ് എ യില്‍ ഈജിപ്തും ഉറുഗ്വേയുമാണ് മറ്റുടീമുകള്‍. റാങ്കിങ്ങില്‍ താഴെ അടുത്തടുത്തുള്ള ടീമുകളാണ് സൗദിയും റഷ്യയും. പരിക്ക് കാരണം ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടാനിടയുള്ള മുഹമ്മദ് സാലയുടെ അഭാവത്തില്‍ ഈജിപ്തിന്‍റെ ശൗര്യം കുറയും. അങ്ങനെ വന്നാല്‍ ഉറുഗ്വേക്ക് ഒപ്പം അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുമെന്നാണ് സൗദി ആരാധകരുടെ പ്രതീക്ഷ.

യൂറോപ്പില്‍ പലയിടത്തായി നടന്ന സന്നാഹ മത്സരങ്ങള്‍ക്ക് ശേഷമാണ് സൗദി അറേബ്യ ലോകകപ്പിനെത്തുന്നത്. അവസാന മത്സരത്തില്‍ ജര്‍മനിയോട് 2-1 ന് തോറ്റെങ്കിലും സൗദിയുടെ കളി ഏറെ മെച്ചപ്പെട്ടിരുന്നു. ജര്‍മനിയുടെ രണ്ടുഗോളുകളില്‍ ഒന്ന് സൗദി പ്രതിരോധ നിരക്കാരന്‍റെ സെല്‍ഫ് ഗോളും ആയിരുന്നു. യുവാന്‍ അന്‍േറാണിയോ പിസ്സിയാണ് സൗദിയുടെ കോച്ച്. നാഭീപേശിയിലുണ്ടായ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ വിംഗര്‍ നവാഫ് അല്‍ ആബിദിനെ ഒഴിവാക്കിയുള്ള 23 അംഗ അന്തിമ ടീമിനെ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ ഏറ്റവും ഭാവനാസമ്ബന്നനായ കളിക്കാരിലൊരാളായി പരിഗണിക്കുന്ന നവാഫിെന്റ അഭാവം ടീമിന് വലിയ നഷ്ടമാണ്.

Lets socialize : Share via Whatsapp