ദുബായിയില്‍ നിന്ന് ഇപ്പോള്‍ സ്വര്‍ണം വാങ്ങാം, വന്‍ വിലക്കുറവില്‍... വേനല്‍ പ്രൊമോഷന് തുടക്കമായി

by Business | 11-06-2018 | 827 views

ദുബായ്: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള ജൂവലറികള്‍ ഒരുമിക്കുന്ന വേനല്‍ പ്രൊമോഷന്‍ 'മൈ ജൂവലറി സീസണ്‍' തുടങ്ങി. ഇതാദ്യമായാണ് സ്വര്‍ണ വിപണിക്ക് മാത്രമായി വിവിധ സ്ഥാപനങ്ങള്‍ ഒരുമിക്കുന്ന ഇത്തരമൊരു മേള നടക്കുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ തവഹീദ് അബ്ദുള്ള പറഞ്ഞു.

ജൂണ്‍ എട്ടിന് തുടങ്ങിയ മേള ജൂലായ് എട്ട് വരെ നീളും. ഇക്കാലയളവില്‍ പ്രമുഖ ജൂവലറികളില്‍ ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ദുബായിലെ 65-ഓളം ജൂവലറികളാണ് മേളയുടെ ഭാഗമാകുന്നത്. നിശ്ചിത തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവും മറ്റ് സമ്മാനങ്ങളും ലഭിക്കും. പണിക്കൂലി ഈടാക്കുകയില്ലെന്നതാണ് വേനല്‍ പ്രമോഷന്‍റെ ഭാഗമായുള്ള മറ്റൊരു പ്രധാന ആനുകൂല്യം.

ആഭരണപ്രേമികള്‍ക്ക് മാത്രമല്ല, സ്വര്‍ണം ഒരു നിക്ഷേപമെന്ന നിലയ്ക്ക് വാങ്ങുന്നവര്‍ക്കും അനുയോജ്യമായ ഓഫറുകളാണ് മേള നല്‍കുന്നത്. സ്വര്‍ണ വിപണിക്ക് പുതിയ ഉണര്‍വേകാന്‍ ഒരു മാസം നീളുന്ന മേള സഹായമാകുമെന്നാണ് കരുതുന്നതെന്ന് തവഹീദ് അബ്ദുള്ള പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, കല്യാണ്‍ ജ്വല്ലേഴ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെല്ലാം മേളയില്‍ പങ്കുചേരും.

Lets socialize : Share via Whatsapp