റഷ്യന്‍ ലോകപ്പിന്റെ ആരവം അറബ് ലോകത്തും...ആവേശത്തോടെ വരവേല്‍ക്കാന്‍ പ്രവാസികളും

by Sports | 09-06-2018 | 590 views

ദുബൈ: ഇനിയങ്ങോട്ട് ഗള്‍ഫ് മണ്ണില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവമാണ്. റഷ്യന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന് വിസില്‍ മുഴങ്ങാന്‍ ഏതാനും ദിനങ്ങള്‍ മാത്രം ബാക്കിയിരിക്കെ കളിയാരവങ്ങളില്‍ പങ്ക് ചേര്‍ന്ന് പ്രവാസലോകവും. ഇഷ്ട താരങ്ങളുടെ ജഴ്‌സിയണിഞ്ഞും ഫ്‌ലാറ്റുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചും പ്രവാസി മലയാളികളും കാല്‍പന്ത് മാമാങ്കത്തെ സ്വീകരിക്കാന്‍ ഒരുങ്ങി. മാളുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ഇഷ്ട താരങ്ങളുടെ ഫോട്ടോയും രാജ്യങ്ങളുടെ പതാകകളും പതിച്ച ബാഗുകളും കീചെയിനുകളും ജഴ്‌സികളും സുലഭമായി കഴിഞ്ഞു. ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണോള്‍ഡോ, നെയ്മര്‍ തുടങ്ങിയ കളിക്കാരുടെ ഫോട്ടോ പതിച്ച ജഴ്‌സികളാണ് നിറഞ്ഞുനില്‍ക്കുന്നത്.

പതിവ് പോലെ അര്‍ജന്റീനക്കും ബ്രസീലിനുമാണ് ഫാന്‍സുകാര്‍ അധികമുളളതെങ്കിലും ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകളുടെ ജഴ്‌സികള്‍ക്കും ആവശ്യക്കാരുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. റമദാന്‍ വ്രതമായതിനാല്‍ ഇത്തവണ ഫുട്ബാള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ അല്‍പം വൈകിയിട്ടുണ്ട്. റമദാന്‍ അവസാനത്തിലാണ് റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കിക്കോഫ് മത്സരം. ഗള്‍ഫിലെ ഏക ലോകകപ്പ് ടീമായ സൗദി അറേബ്യയുടെ മത്സരമായത് കൊണ്ട് തന്നെ ഗള്‍ഫിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ഇതോടെ 'പെരുന്നാള്‍' തുടങ്ങും. ജൂണ്‍ 15ലെ രണ്ടാം മത്സരം അറബ് ആഫ്രിക്കന്‍ രാജ്യമായ ഈജിപ്ത് ഉറുഗ്വയെ നേരിടുന്നതോടെ അറബ് ഫുട്ബാള്‍ പ്രേമികള്‍ ഫുട്‌ബോള്‍ ലഹരിയില്‍ മുഴുകും.

മിക്കവരും ബ്രസീലിനെയും അര്‍ജന്റീനയെയും മുന്നില്‍ നിര്‍ത്തുമ്പോഴും ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍, കൊളംബിയ രാജ്യങ്ങള്‍ക്കെല്ലാം കിരീട സാധ്യത കല്‍പിക്കുന്നവര്‍ ഏറെയുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഫുട്ബാള്‍ ആരാധകരുടെ 'മത്സരങ്ങള്‍' പാരമ്യതയിലെത്തിക്കൊണ്ടിരിക്കുകയാണ്. ട്രോളുകളും കൗണ്ടര്‍ ട്രോളുകളുമായി വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ ഫുട്ബാള്‍ രസങ്ങള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നു.

മത്സരങ്ങളെല്ലാം വൈകുന്നേരങ്ങളിലായതിനാല്‍ ഒരു മാസം ജോലി കഴിഞ്ഞുള്ള വിശ്രമം ടെലിവിഷന്‍ സ്‌ക്രീനിന് മുന്നിലാകും. ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിന്റെ ഗള്‍ഫിലെ പ്രദര്‍ശനാവകാശവുമായി ബന്ധപ്പെട്ട് ബി ഇന്‍ സ്‌പോര്‍ട്‌സ് ചാനലുമായി ഇത്തിസലാത്ത്, ഡു ടെലികമ്യൂണിക്കേഷന്‍ കമ്ബനികള്‍ ധാരണയിലെത്തുന്നതുമായി ബന്ധപ്പെട്ട് ഫുട്ബാള്‍ പ്രേമികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസമായി ഇരു കമ്പനികളും ബി ഇന്‍ സ്‌പോര്‍ട്‌സുമായി കരാറിലൊപ്പിട്ടു. അനധികൃത ഡിഷുകള്‍ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിവിധ കമ്ബനികള്‍ ടെലിവിഷനുകള്‍ക്ക് വില കുറച്ചിട്ടുള്ളതിനാല്‍ കളിയാരാധകര്‍ പുതിയ തരം ടെലിവിഷന്‍ വാങ്ങാനും സംപ്രേഷണ പാക്കേജ് എടുക്കാനുമുള്ള തിരക്കിലാണിപ്പോള്‍. ഹോട്ടലുകളും ക്ലബുകളും ബിഗ് സ്‌ക്രീനുകളില്‍ കളി പ്രദര്‍ശിപ്പിക്കും.

Lets socialize : Share via Whatsapp